കോഴിക്കോട്: പൊതുപരിപാടിയിലെ വേദിയിൽ തനിക്ക് ഇരിക്കാനായി ഒരുക്കിയ ആഡംബര കസേര മാറ്റി പ്ലാസ്റ്റിക് കസേരയിലിരുന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പരിപാടിയിൽ അദ്ദേഹത്തിനെ വേദിയിലേക്ക് ക്ഷണിക്കുന്നതിനിടെ സംഘാടകരോട് പറഞ്ഞ് കസേര മാറ്റിയിടുകയായിരുന്നു. കോഴിക്കോട് ‘സ്വച്ഛതാ പക്വത 2024’ പരിപാടിക്കിടെയായിരുന്നു സംഭവം.
സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വേദിയിലേക്ക് ക്ഷണിക്കുന്നതിനിടെ അദ്ദേഹം സംഘാടകരോട് തന്റെ കസേര മാറ്റിയിടണമെന്ന് നിർദേശിക്കുകയായിരുന്നു. പിന്നാലെ സംഘാടകർ കസേര മാറ്റി പ്ലാസ്റ്റിക് കസേര കൊണ്ട് വന്നിടുന്നതും വീഡിയോയിൽ കാണാം. തുടർന്ന് വേദിയിലേക്ക് കയറുന്ന സുരേഷ് ഗോപിയെ നിറഞ്ഞ കയ്യടിയോടെ ജനങ്ങൾ സ്വാഗതം ചെയ്യുന്നതും കാണാം.
പരിപാടിയിൽ പിന്നീട് വന്ന എംകെ രാഘവൻ എംപിയോട് അദ്ദേഹത്തിനായി ഇട്ടിരുന്ന കസേരയിൽ നിന്നും മാറി ഇരിക്കാൻ ആവശ്യപ്പെടുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പരിപാടി തുടങ്ങി അൽപ്പ സമയം കഴിഞ്ഞാണ് എംപി എത്തിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ ലാളിത്യത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഒരു കേന്ദമന്ത്രിയായാൽ ഇങ്ങനെ വേണമെന്നായിരുന്നു ചിലരുടെ കമന്റ്. ആഡംബരത്തോട് നോ, സുരേഷ് ഗോപി എന്നും ജനങ്ങൾക്കൊപ്പം എന്നിങ്ങനെയുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്.
Discussion about this post