കോഴിക്കോട്: സിപിഎം ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കോക്കസുകൾക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസ് നേതൃത്വത്തിന് നൽകിയ കത്ത് പുറത്ത്. ഒരു മാസം മുൻപ് കോഴിക്കോട് ജില്ലാ കമ്മിറ്റിയ്ക്ക് നൽകിയ കത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മുഹമ്മദ് റിയാസിന്റെ പേരിൽ പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് പാർട്ടിയിലെ യുവാവ് പണം തട്ടിയ സംഭവം വാർത്തയായതിന് പിന്നാലെയാണ് കത്തിലെ വിവരങ്ങൾ പുറത്തായിരിക്കുന്നത്.
സിഐടിയു ജില്ലാ ചുമതല വഹിക്കുന്ന നേതാവിന്റെ നേതൃത്വത്തിൽ കോക്കസ് പ്രവർത്തിക്കുന്നു എന്നാണ് മുഹമ്മദ് റിയാസിന്റെ കത്തിൽ പറയുന്നത്. ഇതിൽ അന്വേഷണം വേണമെന്ന ആവശ്യമാണ് മുഹമ്മദ് റിയാസ് ഉന്നയിച്ചിരിക്കുന്നത്. കത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ നേതൃത്വം അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇതിൽ തുടർനടപടികൾ ഉണ്ടായിട്ടെല്ലെന്നാണ് വിവരം.
ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയോടാണ് യുവ നേതാവ് പിഎസ് സി അംഗത്വം വാഗ്ദാനം ചെയ്ത് പണം തട്ടിയത്. 22 ലക്ഷം രൂപയായിരുന്നു തട്ടിയെടുത്തത്. 60 ലക്ഷം രൂപയായിരുന്നു നേതാവ് അംഗത്വത്തിനായി ചോദിച്ചിരുന്നത്. എന്നാൽ പിഎസ്‌സി അംഗങ്ങളെ തീരുമാനിച്ചപ്പോൾ പരാതിക്കാരനായ വ്യക്തിയുടെ പേര് ഉൾപ്പെട്ടിരുന്നില്ല. ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ ആയുഷിൽ ഉയർന്ന പദവി നൽകാമെന്നായി വാഗ്ദാനം. എന്നാൽ ഇതും നടക്കാതിരുന്നതോടെ സംസ്ഥാന നേതൃത്വത്തിന് ഈ വ്യക്തി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സംഭവത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമായി. ഇതോടെയാണ് സംഭവം മാദ്ധ്യമങ്ങളിൽ വാർത്തയായത്.
Discussion about this post