എറണാകുളം: തെറ്റു ചെയ്തവരുടെ പേര് ഉൾപ്പെടെ പുറത്ത് പറഞ്ഞില്ലെങ്കിൽ ഹേമ കമ്മീഷൻ റിപ്പോർട്ട് കൊണ്ട് ഒരർത്ഥവുമില്ലെന്ന് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. തെറ്റ് ചെയ്ത വ്യക്തികളുടെ പേരുകൾ ഒഴിവാക്കിയാണെങ്കിലും റിപ്പോർട്ട് പുറത്ത് വരണമെന്നാണ് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ത്രീകളുടെയും അഭിപ്രായം. എന്നാൽ, അങ്ങനെ വന്നതുകൊണ്ട് കാര്യമില്ലെന്ന് ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.
തെറ്റ് ചെയ്ത വ്യക്തികളെ തെളിവ് സഹിതം വെളിച്ചത്തു കൊണ്ടുവരികയാണ് വേണ്ടത്. അവർ അറസ്റ്റിലാകണം. സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനായിട്ടാണ് ഈ കമ്മീഷൻ രൂപീകരിച്ചത്. താനുൾപ്പെടെയുള്ള എല്ലാ മേഖലയിലെ സ്ത്രീകളും തങ്ങൾ നേരിട്ട പ്രശ്‌നങ്ങൾ കമ്മീഷനിൽ പറഞ്ഞിട്ടുണ്ട്. അവരത് രേഖപ്പെടുത്തിയത് താൻ നേരിട്ട് കണ്ടതാണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
വ്യക്തിയുടെ പേര് പറഞ്ഞാൽ അയാൾക്കെതിരെ ഒന്നും ചെയ്യാൻ കഴിയില്ല. കാരണം അവർക്കെതിരെ യാതൊരു തെളിവുമില്ല. താൻ മനസിലാക്കിയ കാര്യങ്ങൾ ഇതാണ്. കുറ്റം ചെയ്തയാളുടെ പേര് വേണമെങ്കിൽ മാറ്റി വയ്ക്കാം. എന്നാൽ, എന്താണ് തനിക്ക് സംഭവിച്ചത് എന്നതിനെ കുറിച്ച് അതിജീവിത പറഞ്ഞ കാര്യങ്ങൾ മുഴുവൻ പുറത്ത് വരണമെന്നും അവർ വ്യക്തമാക്കി.
Discussion about this post