തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷനിൽ പരിശീലനത്തിന് എത്തിയ പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ പരിശീലനകൻ മനുവിനെതിരെ കമ്മീഷൻ കേസ് എടുത്തു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ ആയിരുന്നു മനുവിനെതിരെ കേസ് എടുത്തത്.
ഇതിന് പിന്നാലെ കമ്മീഷൻ കെസിഎയ്ക്ക് നോട്ടീസ് അയച്ചു. കെഎസിഎ ആസ്ഥാനത്തുൾപ്പെടെ വച്ച് കുട്ടികളെ മനു പീഡനത്തിന് ഇരയാക്കിയെന്നാണ് റിപ്പോർട്ടുകൾ. മനുവിനെതിരെ നേരത്തെ പീഡന പരാതി ഉയർന്നിട്ടും നടപടി സ്വീകരിക്കാനോ കോച്ചിന്റെ സ്ഥാനത്ത് നിന്നും മാറ്റാനോ കെസിഎ തയ്യാറായിരുന്നില്ല. ഇതിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. നിലവിൽ മനുവിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
പരിശീലനത്തിന് എത്തിയ ആറ് പെൺകുട്ടികൾ ആണ് മനുവിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. അവസരം നിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം എന്നും പെൺകുട്ടികൾ വെളിപ്പെടുത്തുന്നു. രണ്ട് വർഷം മുൻപ് മനുവിന്റെ പീഡനത്തിന് ഇരയായ പെൺകുട്ടി അടുത്തിടെ ഇവിടെ പരിശീലനത്തിന് എത്തിയിരുന്നു. മനുവിനെ കോച്ച് ആയി തുടരുന്നത് കണ്ടതോടെ പെൺകുട്ടി പോലീസിനെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെ മറ്റ് പെൺകുട്ടികളും രംഗത്ത് എത്തി.
കെസിഎ ആസ്ഥാനത്തെ വിശ്രമ മുറിയിലും ശുചിമുറിയിലും വച്ചായിരുന്നു മനു പെൺകുട്ടികളെ പീഡിപ്പിച്ചത്. തെങ്കാശിയിൽ മത്സരത്തിന് പോയ വേളയിലും ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ കാട്ടിയായിരുന്നു മനു പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയത്.













Discussion about this post