തിരുവനന്തപുരം : സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സർക്കാർ വെറും ലാഘവത്തോടെയാണ് കാണുന്നത് എന്ന് കെ കെ രമ എംഎൽഎ സഭയിൽ ആരോപിച്ചു.സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾ ഉന്നയിച്ചതോടെ സഭ വിട്ട് നിൽക്കുകയായിരുന്നു മുഖ്യമന്ത്രി . മുഖ്യമന്ത്രിക്കുവേണ്ടി സഭയിൽ മറുപടി പറഞ്ഞത് ആരോഗ്യ മന്ത്രി വീണാ ജോർജാണ്.
നിയമസഭയിൽ എത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളോറിൽ വന്നില്ല. നിയമസഭയിലെ മുറിയിലിരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇത് തന്നെ സർക്കാരിന്റെ ഉദാസീനതയുടെ ഉദാഹരണമാണ് എന്ന് പ്രതിപക്ഷം വിമർശിച്ചു.
ഇടതുപക്ഷം ഭരിക്കുന്ന നാടാണിത്, നമ്പർ വൺ എന്ന് പറയുന്ന കേരളത്തിലാണ് സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് പോലും പുറത്തുപോയി. ഹേമ കമ്മിറ്റി റിപ്പോർട്ട് പോലും സർക്കാർ പരസ്യപ്പെടുത്തിയില്ല. കുറ്റാരോപിതരായ ആളുകളെ രക്ഷിക്കാനുള്ള ശ്രമമാണ് കണ്ടത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസിയു പീഡനക്കേസിൽ ഇരയുടെ കൂടെനിന്ന നഴ്സിനെതിരെ നടപടി സ്വീകരിച്ചു. ഇരയ്‌ക്കൊപ്പം നിൽക്കുന്നുവെന്ന് പറയുകയും വേട്ടക്കാരനൊപ്പം കുതിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. പെൺകുട്ടികൾ പോക്‌സോ കോടതികൾ കയറിയിറങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കെ കെ രമ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. കുട്ടികൾക്ക് പോലും സംരക്ഷണം കൊടുക്കാൻ കഴിയാത്ത സർക്കാരാണ് ഇത്. ഈ സർക്കാർ ദയനീയമായി പരാജയപ്പെടുകയാണ് എന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മന്ത്രി വീണാ ജോർജ്ജ് മറുപടി നൽകി. ഇടത് സർക്കാർ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നേരെ കണ്ണടക്കുന്നവരല്ല . സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമത്തിൽ സർക്കാരിന് ഒരു നിലപാട് മാത്രമെ ഉള്ളൂവെന്നും കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. പൂച്ചാക്കലിൽ ദളിത് പെൺകുട്ടിയെ മർദിച്ചതിൽ രണ്ടുപേർ അറസ്റ്റിലായെന്ന് മന്ത്രി പറഞ്ഞു. കാലടി കോളേജിലെ പെൺകുട്ടിയുടെ ഫോട്ടോ പ്രചരിപ്പിച്ചതിലും പ്രതി പിടിയിലായി എന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post