കാസർകോട്: ശബരിമല ദർശനത്തിനായി ബദ്രീനാഥിൽ നിന്നും യാത്ര തുടങ്ങി യുവാക്കൾ. കാസർകോട് കുഡ്‌ലു സ്വദേശികളായ കെ.സനത് കുമാർ നായിക്, സമ്പത്ത് കുമാർ ഷെട്ടി എന്നിവരാണ് എണ്ണായിരം കിലോമീറ്ററുകൾ താണ്ടി ശബരിമല സന്നിധിയിൽ എത്തുന്നത്. കാൽനട ആയാണ് ഇവരുടെ യാത്ര.
ഫ്രീലാൻസ് ഫോട്ടോഗ്രാഫറാണ് സനത്ത്, കുഷ്യൻ വർക്കറാണ് സമ്പത്ത്. എല്ലാവർഷവും ഇരുവരും കാൽനടയായി ശബരിമലയിൽ ദർശനം നടത്താനെത്താറുണ്ട്. കാസർകോടിൽ നിന്നും കാൽനടയായിട്ടാണ് ഇവർ ശബരിമലയിൽ എത്താറുള്ളത്. എന്നാൽ ഇക്കുറി ബദ്രിനാഥിൽ നിന്നും യാത്ര ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. മകരവിളക്ക് ദിനത്തിലായിരിക്കും ഇവർ ശബരിമലയിൽ എത്തുക.
ഈ മാസം രണ്ടിനായിരുന്നു ഇവർ ഇരുമുടികെട്ട് നിറച്ച് ശബരിമല യാത്ര ആരംഭിച്ചത്. വിഷുവിനെ കുഡ്‌ലുവിലെ അയ്യപ്പ ക്ഷേത്രത്തിൽ മാലയിട്ടാണ് വ്രതം ആരംഭിച്ചത്. കെട്ടുനിറയ്ക്കുന്നതിനായി കഴിഞ്ഞ മാസം 26 നായിരുന്നു ഇവർ ബദ്രിനാഥിൽ എത്തിയത്.
പ്രതിദിനം 25 കിലോ മീറ്റർ ദൂരം സഞ്ചരിക്കാനാണ് ഇവർ പദ്ധതിയിടുന്നത്. ഇപ്പോൾ ഇവർക്ക് കാൽനടയായി 50 കിലോ മീറ്റർ നടക്കാൻ കഴിയുന്നുണ്ട്. കാൽനടയായി ഇവർ കഴിഞ്ഞ ദിവസം അയോദ്ധ്യയിൽ എത്തിയിരുന്നു. ഇനി ഗുജറാത്തിലെ ദ്വാരകയാണ് ഇവർ ലക്ഷ്യമിടുന്നത്. യാത്രാ മദ്ധ്യേയുള്ള രാജ്യത്തെ പ്രശസ്ത ക്ഷേത്രങ്ങളിൽ ഇരുവരും ദർശനം നടത്തും.
Discussion about this post