തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം വഴി വാണിജ്യ തൊഴിൽ മേഖലയിൽ വരാനിരിക്കുന്നത് വലിയ സാധ്യതകളാണെന്ന് മന്ത്രി വി എൻ വാസവൻ. ചരിത്രനിമിഷത്തിനാണ് വിഴിഞ്ഞം സാക്ഷി ആയിരിക്കുന്നതെന്നും, ഏറെ അഭിമാനത്തോടെയാണ് മദർഷിപ്പിനെ കേരളം സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കവി പാലാ നാരായണൻ നായരുടെ കവിത ചൊല്ലി ആരംഭിച്ച പ്രസംഗത്തിൽ വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ നാൾവഴികൾ അദ്ദേഹം എണ്ണിപ്പറഞ്ഞു.
വിഴിഞ്ഞം പദ്ധതി ഈ നിലയിലേക്ക് എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉള്ള സർക്കാർ ആണ്. നിരവധി സമരങ്ങൾ ഉടലെടുത്തു അതിനെയെല്ലാം നിശ്ചയദാർഢ്യത്തോടെ മറികടക്കാൻ സർക്കാറിന് കഴിഞ്ഞുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.ഒരു സർക്കാരിന്റെ ഇച്ഛാശക്തിയെന്തെന്ന് ഒന്നും രണ്ടും പിണറായി സർക്കാർ വിഴിഞ്ഞത്തിലൂടെ ലോകത്തിന് കാട്ടിക്കൊടുത്തു. പ്രദേശത്തെ എല്ലാ വിഭാഗം ആളുകളുടേയും താത്പര്യത്തെ പരിരക്ഷിച്ചുകൊണ്ടും പറഞ്ഞവാക്കുകൾ പാലിച്ചുകൊണ്ടും കേരളം വികസനരംഗത്ത് വിസ്മയം തീർത്ത് മുന്നോട്ടുപോകുന്ന കാലഘട്ടത്തിൽ ഒന്നും രണ്ടും പിണറായി സർക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രം പൂർത്തീകരിക്കപ്പെട്ടതാണ് ഈ തുറമുഖമെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.
വരും ദിവസങ്ങളിൽ 400 മീറ്റർ മദർ ഷിപ് വരാൻ പോവുകയാണ്. ഒരു സർക്കാരിന്റെ ഇച്ഛാ ശക്തി എന്തെന്ന് പിണറായി സർക്കാർ തെളിയിച്ചിരിക്കുന്നു. ഇതിനേക്കാൾ വലിയ ഷിപ് സ്വീകരിക്കാനുള്ള ശേഷിയും വിഴിഞ്ഞത്തുണ്ട്. അവശേഷിക്കുന്ന പ്രശ്‌നം സർക്കാർ പരിഹരിക്കും. ഇതിന് കേന്ദ്ര സർക്കാരിന്റെ ഭാവി സഹായം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post