തിരുവന്തപുരം : ആമയിഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണത്തൊഴിലാളി മരണപ്പെട്ടത് അതീവ ഖേദകരമെന്ന് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ഈ സംഭവം കേരളസർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയെ തുറന്ന് കാട്ടുന്നു എന്ന് അദ്ദേഹം പറഞ്ഞു. ജോയിയുടെ മൃതദേഹം ആഴുക്ക് ചാലിൽ നിന്ന് മൂന്നാം ദിവസമാണ് കണ്ടെടുത്തത്.
രാജ്യത്ത് സ്വച്ഛഭാരത് പ്രവർത്തനങ്ങൾ ഏകോപിച്ച് 10 വർഷമായി മുന്നോട്ടു പോവുകയാണ്. എന്നാൽ മാലിന്യസംസ്‌കരണ – നിർമ്മാർജ്ജന രംഗത്ത് കേരളം ഇപ്പോഴും സീറോയിലാണ് തുടരുന്നത്. അതാണ് ഇപ്പോൾ കാണാൻ കഴിഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കൽ എതിർത്തിരുന്ന വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായപ്പോൾ കേരളത്തിൽ വികസനം കൊണ്ടുവന്നത് തങ്ങളാണെന്ന് മേനി പറയുന്ന വലതുപക്ഷവും ഇടതു പക്ഷവും ഇതുവരെ തലസ്ഥാനത്ത് ഫലപ്രദമായി അഴുക്ക് ചാലുകൾ പോലും നിർമ്മിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.
സാങ്കേതിക രംഗത്തും ഭരണനിർവ്വഹണത്തിലും ലോകം അതിവേഗം കുതിക്കുമ്പോൾ അപരിഷ്‌കൃതമായ രീതിയിലാണ് നമ്മുടെ സംസ്ഥാനത്തിലെ ശുചീകരണമടക്കമുള്ള അടിസ്ഥാന സൗകര്യ സംവിധാനങ്ങൾ പ്രവർത്തിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. പിണറായി വിജയൻ സർക്കാരിന്റെ ഭരണകെടുകാര്യസ്ഥതയ്ക്ക് ബലിയാടാകേണ്ടി വരുന്നത് പാവപ്പെട്ട ജനങ്ങളാണ്.ഇത് വീണ്ടും വീണ്ടും തെളിയിക്കുകയാണ് . തൊഴിലാളികളുടെ പാർട്ടിയെന്ന് അവകാശപ്പെടുന്നവർ തന്നെ കേരളം ഭരിക്കുമ്പോഴാണ് ഈ ദുരവസ്ഥയെന്നത് തികച്ചും പരിഹാസ്യമാണ്. സ്മാർട് സിറ്റിയുടെ പേരിൽ കോടിക്കണക്കിന് രൂപ ധൂർത്തടിച്ച് നഗരത്തിലെ മിക്ക റോഡുകളും വൻകുഴികളാക്കി തീർത്തതിന്റെ ദുരിതം ഈ മഴക്കാലത്ത് നഗരവാസികൾ അനുഭവിച്ച് കൊണ്ടിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.
Discussion about this post