മസ്‌കറ്റ്: പ്രൊഫഷനലുകളായ പ്രവാസികളെ ജോലിയിൽ നിന്നും പിരിച്ചുവിടാനുള്ള തീരുമാനവുമായി ഒമാൻ. സ്വന്തം രാജ്യത്തെ പൗരന്മാർക്ക് മാത്രം ജോലികൾ സംവരണം ചെയ്ത് നൽകുന്നതിന്റെ ഭാഗമായിട്ടാണ് ഒമാൻ ഭരണകൂടത്തിന്റെ തീരുമാനം. ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള പ്രവാസി പ്രൊഫഷണലുകളെ തിരിച്ചടിയായി ബാധിക്കുന്ന തീരുമാനം ആണ് ഇത്. ഗതാഗത, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി എച്ച് ഇ സെയ്ദ് ബിൻ ഹമൂദ് അൽ മവാലിയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം അറിയിച്ചത്.
ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി എന്നീ മേഖലകളിലെ പ്രൊഫഷണലുകളായ പ്രവാസികളെയാണ് പിരിച്ചുവിടാൻ ഒരുങ്ങുന്നത്. ഇതിനായുള്ള നടപടിക്രമങ്ങൾ ബന്ധപ്പെട്ട മന്ത്രാലയങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇത് പൂർത്തിയായാൽ ഘട്ടം ഘട്ടമായി പ്രവാസികളെ നീക്കി തുടങ്ങും. ഇതോടെ ആയിരക്കണക്കിന് പ്രവാസികൾക്കാണ് ജോലി നഷ്ടമാകുക.
2027 നുള്ളിൽ മുഴുവനായും സ്വദേശിവത്കരണം നടപ്പിലാക്കും. സ്വന്തം പൗരന്മാർക്ക് മികച്ച തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം എന്നാണ് സൂചന. പ്രൊഫഷണൽ വിദ്യാഭ്യാസം നേടിയ പൗരന്മാർക്ക് പ്രവാസികൾ ജോലികൾ കയ്യടക്കിയതിനാൽ വെറുതെയിരിക്കേണ്ട സാഹചര്യം ഉണ്ടാകുന്നു. മാത്രമല്ല നല്ല തൊഴിൽ തേടി മറ്റ് രാജ്യങ്ങളിലേക്ക് ഇവർ പോകുന്ന അവസ്ഥയും ഉണ്ട്. ഇതേ തുടർന്ന് കൂടിയാണ് പ്രൊഫഷണലുകളായ പ്രവാസികളെ പിരിച്ചുവിടാനുള്ള തീരുമാനം.
Discussion about this post