തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. നിർത്താതെ മഴ പെയ്യുന്നതോടെ മഴക്കെടുതിയും രൂക്ഷമായി. കനത്ത മഴയിൽ നീരൊഴുക്ക് ശക്തമായതോടെ പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഡാം തുറന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപകനാശം. മഴക്കെടുതിയിൽ നാല് ജീവനുകളും നഷ്ടമായി.
സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ മുന്നറിയിപ്പുണ്ടെന്നും എല്ലാ താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളാണ് തുറന്നത്.
ആറു ലക്ഷത്തിലധികം പേരെ മാറ്റി പാർപ്പിക്കാനുള്ള ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. മഴ ഏതെങ്കിലും തരത്തിലുള്ള വിനോദത്തിൻറെ അവസരമായി കണക്കാക്കരുതെന്നാണ് ജനങ്ങളോട് പറയാനുള്ളത്. ആത്മവിശ്വാസത്തിലാണെങ്കിലും ജലാശയത്തിൽ ഇറങ്ങരുതെന്നും മലയോര മേഖലയിൽ യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു
കനത്ത മഴയിൽ പെരിയാർ കരകവിഞ്ഞതോടെ ആലുവ ശിവക്ഷേത്രം മുങ്ങി. ശക്തമായ കാറ്റിനെ തുടർന്ന് കോട്ടയം കുമ്മനത്തെ ക്ഷേത്ര പരിസരത്ത് മരം വീണ് വ്യാപക നാശനഷ്ടമുണ്ടായി. ഇളങ്കാവ് ദേവീക്ഷേത്ര പരിസരത്തെ കൂറ്റൻ മരമാണ് കടപുഴകി വീണത്. പെരിയാറിൽ ജലനിരപ്പ് കൂടിയതോടെ തിങ്കളാഴ്ച വൈകീട്ടോടെ ഭൂതത്താൻകെട്ട് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തിങ്കളാഴ്ച ഉച്ചയോടെ നീരൊഴുക്ക് ശക്തിയായതോടെയാണ് 15 ഷട്ടറുകളും ഉയർത്തിയത്. നടുഭാഗത്തെ നാല് ഷട്ടറുകൾ 5 മീറ്റർ വീതവും മറ്റ് ഷട്ടറുകൾ 50 സെന്റീമീറ്റർ വീതവുമാണ് ഉയർത്തിയത്
Discussion about this post