വാഷിംഗ്ടൺ: ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമായ ചന്ദ്രനിൽ വാസയോഗ്യമുള്ള ഗുഹയുള്ളതായി ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. 1969ൽ നീൽ ആംസ്‌ട്രോങ്ങും ബസ് ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങിയ ‘പ്രശാന്തിയുടെ കടൽ’ ഭാഗത്തുനിന്ന് 400 കിലോമീറ്റർ മാറിയാണിത്.നേച്ചർ അസ്‌ട്രോണമി ജേണലിൽ ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചന്ദ്രൻറെ കഠിനമായ ഉപരിതല പരിതസ്ഥിതി പോലെയല്ല ഈ ഗുഹയിലേതെന്നാണ് കണ്ടെത്തൽ. ചന്ദ്രനിലേക്കുള്ള മനുഷ്യൻറെ ദീർഘകാല പര്യവേഷണത്തിന് അനുകൂലമാണ് ഈ സ്ഥലം.നാസയുടെ ചാന്ദ്ര നിരീക്ഷണ ഓർബിറ്റർ ശേഖരിച്ച റഡാർ വിവരങ്ങളുടെ വിശകലനത്തിൽ വ്യക്തമായത്,ഉപരിതലത്തിൽനിന്ന് ഏകദേശം 150 മീറ്റർ താഴെയാണ് ഗുഹ സ്ഥിതിചെയ്യുന്നതെന്നാണ്. ചന്ദ്രനിലെ ഏറ്റവും വലിയ കുഴിയിൽ നിന്നാണ് ഗുഹയിലേക്ക് പ്രവേശിക്കാൻ കഴിയുക. ഇവിടെ കണ്ടെത്തിയ ഇരുന്നൂറിലധികം കുഴികളെപ്പോലെ ഇതും ലാവ ട്യൂബിന്‌റെ തകർച്ചയിൽനിന്ന് രൂപപ്പെട്ടതാണ്. ഗവേഷകർ നാസയുടെ ലൂണാർ റെക്കനൈസർ ഓർബിറ്ററിന്റെ റഡാർ അളവുകൾ വിശകലനം ചെയ്യുകയും ഫലങ്ങൾ ഭൂമിയിലെ ലാവാ ട്യൂബുകളുമായി താരതമ്യം ചെയ്യുകയും ചെയ്തു.
ചന്ദ്രനിൽ സ്ഥിരമായി ഒരു ഭാഗിക ക്രൂഡ് ബേസ് (സ്ഥിരമായ കേന്ദ്രം) നിർമിക്കാൻ കുറച്ചുനാളുകളായി നാസ ലക്ഷ്യമിടുന്നുണ്ട്. ചൈനയും റഷ്യയും ചാന്ദ്ര ഗവേഷണ ഔട്ട്‌പോസ്റ്റുകൾക്ക് താൽപര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നാൽ കോസ്മിക് റേഡിയേഷനിൽനിന്ന് സംരക്ഷിക്കപ്പെട്ടതും സ്ഥിരതയുള്ള താപനിലയുള്ള പരിതസ്ഥിതികളിൽ മാത്രമേ സ്ഥിരമായ ചാന്ദ്ര അടിത്തറ (ലൂണാർ ബേസ്) സ്ഥാപിക്കാൻ സാധിക്കൂ. സ്വാഭാവികമായും ബഹിരാകാശ യാത്രികർക്ക് ഹാനികരമായ കോസ്മിക് കിരണങ്ങൾ, സൗരവികിരണം, മൈക്രോമെറ്റോറൈറ്റുകൾ എന്നിവയിൽനിന്ന് സംരക്ഷിത കവചമാകുമെന്നതിനാൽ ഇത്തരം ഗുഹകൾ അടിയന്തര ചാന്ദ്ര അഭയമാകാമെന്നാണ് കരുതപ്പെടുന്നത്.
Discussion about this post