തിരുവനന്തപുരം :സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തുകയെന്നാണ് പ്രതിപക്ഷ ധർമ്മം എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതിപക്ഷം വിമർശിക്കുമ്പോൾ മന്ത്രിമാർക്ക് പൊള്ളും. ആമയിഴഞ്ചാൻ തോട്ടിൽ ജോയിയെ കാണാതായപ്പോൾ പ്രതിപക്ഷം വിമർശിച്ചു എന്നാണ് തദ്ദേശമന്ത്രിയുടെ പരാതി. ഞങ്ങൾ വിമർശനം തുടങ്ങിയത് ഇന്നും ഇന്നലെയും ഒന്നും അല്ല . നിയമസഭയിലേ വച്ച് വിമർശിച്ചു തുടങ്ങിയതാണ് എന്ന് അദ്ദേഹം പറഞ്ഞു.
മഴക്കാലപൂർവ ശുചീകരണം നടന്നിട്ടില്ലെന്നും അതിൻറെ ഭാഗമായി സംസ്ഥാനത്ത് പകർച്ച വ്യാധികൾ പടരുന്നെന്നും അതീവ ഗൗരവത്തോടെ പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞതാണ്. അന്ന് ആരോഗ്യമന്ത്രി എന്താണ് പറഞ്ഞത്. തിരുവനന്തപുരത്തെ 1039 ഓടകളിൽ 839 എണ്ണത്തിന്റെ ശുചീകരണം കഴിഞ്ഞെന്നാണ് മന്ത്രി നിയമസഭയിൽ മറുപടി നൽകിയത്. എവിടെയാണ് ഓട വൃത്തിയാക്കിയത്. നിങ്ങൾ ഇവിടെ ഒന്നും തന്നെ ചെയ്തിട്ടില്ല എന്ന് വിഡി സതീശൻ കൂട്ടിച്ചേർത്തു.
ഒരു രാത്രി മുഴുവൻ മഴ പെയ്താൽ തിരുവനന്തപുരം വെള്ളത്തിനടിയിലാകും.തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് മഴക്കാല പൂർവശുചീകരണം നടത്തേണ്ടതായിരുന്നു. ഒന്നും ചെയ്യാൻ സർക്കാർ തയാറായില്ല. അവർക്ക് അതിനുള്ള സമയം ഒന്നുമില്ല. യു.ഡി.എഫ് കാലത്ത് തുടങ്ങിവച്ച ഓപ്പറേഷൻ അനന്ത മുന്നോട്ട് കൊണ്ടു പോകാൻ തയാറാകാതിരുന്നത് എന്തുകൊണ്ടാണ്. ഇവർക്ക് ഒരു പണിയും ചെയ്യാൻ താൽപര്യമില്ല. എന്നിട്ടും വിമർശിക്കാൻ പാടില്ലെന്നാണ് പറയുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെറ്റുകൾ ചെയ്താൽ മന്ത്രിമാരുടെ മുഖത്തിന് നേരെ മാത്രമല്ല മുഖ്യമന്ത്രിയുടെ നേരെയും വിരൽ ചൂണ്ടും എന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷ നേതാവ് കൈ ചൂണ്ടി സംസാരിച്ചെന്നാണ് ഒരു മന്ത്രി പരാതിപ്പെട്ടത്. കൈ ചൂണ്ടി സംസാരിക്കാൻ പാടില്ലേ? വിരൽ ചൂണ്ടാനുള്ളതു കൂടിയാണ്. തെറ്റ് ആവർത്തിക്കുന്നവരുടെ നേരെക്ക് അത് ചൂണ്ടുക തന്നെ ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post