എറണാകുളം: സമൂഹത്തിലെ എല്ലാവരും അകറ്റി നിർത്തിയപ്പോഴും തങ്ങളെ ചേർത്തു നിർത്തിയ വ്യക്തിയാണ് സുരേഷ് ഗോപിയെന്ന് കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌വുമൺ ഓട്ടോ ഡ്രൈവർ അന്ന. അദ്ദേഹം തങ്ങൾക്ക് ദൈവത്തെ പോലെയാണ്. പത്ത് വോട്ടിനെങ്കിലും തൃശൂരിൽ അദ്ദേഹം ജയിക്കണമെന്ന് ആയിരുന്നു തന്റൈ ആഗ്രഹമെന്നും അന്ന ബ്രേവ് ഇന്ത്യ ന്യൂസിനോട് പറഞ്ഞു.
സുരേഷ് ഗോപി എന്ന വ്യക്തി ഞങ്ങളെ പോലെ ഒരാളെ ചേർത്തു നിർത്തുന്നതിൽ ഒരുപാട് സന്തോഷവും അഭിമാനവുമുണ്ട്. ആ മനസ് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. പ്രതീക്ഷ ഫൗണ്ടേഷന്റെ ഒരു പരിപാടിയ്ക്കാണ് അദ്ദേഹം വരുന്നത്. അന്ന് അദ്ദേഹത്തിനെ ഒന്ന് ഹഗ് ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. എന്റെ ആഗ്രഹം പറഞ്ഞപ്പോൾ തന്നെ ഏറെ സന്തോഷത്തോടെ അദ്ദേഹം എന്നെ ഹഗ് ചെയ്തു. ഞാൻ യുഡിഎഫിൽ പ്രവർത്തിക്കുന്ന സമയമായിരുന്നു അത്. എന്നാൽ, എനിക്കെതിരെ അവർ അച്ചടക്ക നടപടിയെടുത്തു. അതോടെ ആ പാർട്ടിയിൽ നിന്നും ഇറങ്ങുകയായിരുന്നു’- അന്ന പറഞ്ഞു.
രണ്ട് പരിപടികളിലായി എത്തിയപ്പോൾ 24ലക്ഷത്തോളം രൂപയാണ് അദ്ദേഹത്തിന്റെ ഫണ്ടിൽ നിന്നും കമ്മ്യൂണിറ്റിയിലുള്ളവരുടെ സർജറിക്കായി നൽകിയതെന്നും അന്ന കൂട്ടിച്ചേർത്തു. ഒരു ദൈവമായി ആണ് സുരേഷ് ഗോപി എന്ന വ്യക്തി തങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. അദ്ദേഹം തന്ന തുക തിരച്ചു നൽകേണ്ട, എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ആ തുക സർക്കാരിൽ നിന്നും റിട്ടേൺ കിട്ടുന്ന സമയം, ഇനി സർജറി ബാക്കിയുള്ളവർക്കായി നൽകാനാണ് നിർദേശിച്ചത്. ഇതിന് പുറമേ ട്രാൻസ് കമ്മ്യൂണിറ്റിക്കായി ഒരു പോഷക സംഘടന രൂപീകരിക്കാമെന്നും അദ്ദേഹം വാക്ക് നൽകിയിട്ടുണ്ടെന്നും അന്ന വ്യക്തമാക്കി.
അദ്ദേഹം തിരഞ്ഞെടുപ്പിൽ നിന്നപ്പോൾ സന്തോഷം തോന്നി. പത്ത് വോട്ടിനെങ്കിലും അദ്ദേഹം ജയിക്കണമെന്ന് ആയിരുന്നു പ്രാർത്ഥന. ദൈവസഹായം കൊണ്ട് അദ്ദേഹം വലിയ ഭൂരിപക്ഷത്തിൽ ജയിച്ചു. ഇപ്പോൾ ഒരു കേന്ദ്രമന്ത്രിയുമായി. അദ്ദേഹത്തിലൂടെ ഞങ്ങൾക്ക് പുതിയ പ്രതീക്ഷകൾ തെളിഞ്ഞുവന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post