എറണാകുളം: ആദ്യകാലത്ത് വലിയ വാർത്തയാക്കി നൽകിയെന്നല്ലാതെ, കൊച്ചി മെട്രോയിൽ ട്രാൻസ്‌ജെൻഡർമാർക്ക് യാതൊരു സ്ഥാനവുമില്ലെന്ന് കേരളത്തിലെ ട്രാൻസ്‌ജെൻഡർ ഓട്ടോ ഡ്രൈവർ അന്ന. കൊച്ചി മെട്രോ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിക്ക് വേണ്ടി തുടങ്ങിയതാണെന്ന തരത്തിലാണ് തുടങ്ങിയതു തന്നെ. എന്നാൽ, ചൂഷണങ്ങൾ മാത്രമാണ് അവിടെ നടക്കുന്നതെന്നും അന്ന പറഞ്ഞു.
തുടക്ക കാലത്ത് 8000 രൂപയോ മറ്റോ ആണ് നൽകിയിരുന്നത്. സാധാരണക്കാരായ ഒരാൾക്ക് ജീവിക്കാൻ കഴിയാത്ത രീതിയിലുള്ള തുച്ചമായ ശമ്പളം മാത്രമാണ് അവിടെയുള്ളത്. ടെൻഡർ വ്യവസ്ഥയിലുള്ളതാണ് മെട്രോയിലെ തൊഴിൽ. അതിനാൽ തന്നെ അതൊരു സ്ഥിരം തൊഴിലല്ല. കുടുംബശ്രീയുടെ കീഴിലായതുകൊണ്ട് തന്നെ നമുക്ക് അതിൽ നിന്നും പ്രത്യേകിച്ച് ആനുകൂല്യങ്ങളൊന്നും തന്നെയില്ല. പകരം ഇത് സർക്കാരിന്റെ കീഴിൽ സ്ഥിരപ്പെടുത്തുന്ന ഒരു ജോലിയാണെങ്കിൽ, ആദ്യ കാലങ്ങളിൽ കുറച്ച് ബുദ്ധിമുട്ടിയാലും ജീവിതകാലം ഒരു ഉപജീവനമാർഗം ഉണ്ടാകുമായിരുന്നുവെന്നും അന്ന പറഞ്ഞു.
സഹജീവനക്കാരിൽ നിന്നും അധികൃതരിൽ നിന്നും നിരവധി പ്രശ്‌നങ്ങൾ ട്രാൻസ് ജീവനക്കാർ നേരിട്ടിട്ടുണ്ട്. പലതരത്തിലുള്ള കളിയാക്കലുകളും ഒറ്റപ്പെടുത്തലുകളുമൊക്കെ കൊണ്ടാണ് ജോലി നിർത്തി പോവേണ്ട അവസ്ഥ ഉണ്ടായിട്ടുള്ളത്. നിന്നു പോവാൻ സാധിച്ചിരുന്നെങ്കിൽ ജോലിയിൽ അൽപ്പം കഷ്ടപ്പാട് സഹിച്ചാണെങ്കിലും കമ്മഇ്യൂണിറ്റിയിലുള്ളവർ ജോലിയിൽ തുടർന്ന് പോകുമായിരുന്നു. പലരും പിടിച്ചു നിൽക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. തങ്ങളെ പോലെ ഉള്ളവരെ എല്ലാം കൊച്ചി മെട്രോയിൽ ജോലിയ്ക്ക് എടുക്കുമെന്നല്ലാതെ, അവിടെ നിലനിർത്തണമെന്ന് അവിടെയുള്ള ഒരു ഉദേ്യാഗസ്ഥർക്കും താൽപ്പര്യമില്ല. മരിച്ചാലും അവിടെ നിന്നും പോവില്ലെന്ന് കരുതുന്ന മൂന്നോ നാലോ പേർ മാത്രമാണ് ഇപ്പോഴും അവിടെയുള്ളതെന്നും അന്ന കൂട്ടിച്ചേർത്തു.
Discussion about this post