തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രി വി മുരളീധരൻ. ബസ് തടയാൻ ആണ് മേയർക്ക് താല്‍പ്പര്യമുള്ളത്. നഗരത്തിലെ മാലിന്യം ഇല്ലാതാക്കാന്‍ താല്‍പ്പര്യമില്ലെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി.
മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഉത്തരവാദിത്വം നഗരസഭയ്ക്ക് ആണ്. എന്നാല്‍ പരസ്പരം പഴി ചാരാന്‍ ആണ് ഇവര്‍ക്ക് താല്‍പ്പര്യം. ബസ് ഡ്രൈവർ കാണിച്ച ആക്ഷൻ കാറിന്റെ പിൻസീറ്റിൽ ഇരുന്ന മേയർക്ക് കാണാന്‍ കഴിയും. അതിൽ അവര്‍ക്ക് ഉത്തരവാദിത്വം കാണിക്കാൻ കഴിഞ്ഞു. എന്നാല്‍, കൺമുന്നിലുള്ള മാലിന്യം കാണുന്നില്ല. മേയർക്ക് കമ്പം കാർ ഓട്ടത്തിലാണ്. കെഎസ്ആർടിസി ബസിനെ ഓടിച്ചു പിടിക്കുന്നതാണ് മേയരുടെ ഹോബിയെന്നും വി മുരളീധരൻ പരിഹസിച്ചു.
അതേസമയം, തൊഴിലാളിയായ ജോയി മുങ്ങി മരിച്ച ആമയിഴഞ്ചാൻ തോട് ഉടൻ വൃത്തിയാക്കാന്‍ മുഖ്യമന്ത്രി വിളിച്ച പ്രത്യേക യോഗത്തില്‍ തീരുമാനമായി. ശുചീകരണത്തിന് സബ് കലക്ടറുടെ നേതൃത്വത്തില്‍ സ്ഥിരം സമിതി രൂപീകരിക്കും. റെയില്‍വേയുടെ ഭാഗത്തെ തോട് റെയില്‍വേ തന്നെ ശുചീകരിക്കാന്‍ ആണ് തീരുമാനം. റെയില്‍വേയുടെ പക്കലുള്ള ടണല്‍ റെയില്‍വേയും ഇറിഗേഷന്‍ വകുപ്പും സംയുക്തപദ്ധതിയായി ശുദ്ധീകരിക്കാന്‍ തീരുമാനിച്ചു.
Discussion about this post