എറണാകുളം: പെരുമ്പാവൂർ സ്വദേശിനിയായ നിയമ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അമീർ ഉൾ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീംകോടതി തടഞ്ഞതിൽ പ്രതികരണവുമായി പെൺകുട്ടിയുടെ അമ്മ. തന്റെ മകൾക്ക് നീതി ലഭിക്കണം., അതിന് അമീർ ഉൾ ഇസ്ലാമിന് വധശിക്ഷ തന്നെ നൽകണം എന്നും അമ്മ പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അമ്മയുടെ പ്രതികരണം.
കൃത്യമായ അന്വേഷണത്തിന് ശേഷമാണല്ലോ പ്രതിയെ പിടിച്ചത്. പിന്നീട് ഇതിൽ എന്ത് അന്വേഷണം നടത്താനാണ്. മകൾക്ക് നീതി കിട്ടണം. അമീർ ഉൾ ഇസ്ലാമിന്റെ വധശിക്ഷ നടപ്പാക്കണം എന്നും അമ്മ വ്യക്തമാക്കി.
ഇന്നലെയാണ് അമീർ ഉൾ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തത്. വിചാരണ കോടതി വധശിക്ഷ വിധിച്ചത് ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ അമീർ ഉൾ ഇസ്ലാം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇത് പരിഗണിച്ച ജസ്റ്റിസ് ബി ആർ ഗവായ്, സഞ്ജയ് കരോൾ, കെ.വി വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് പ്രതിയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്. പ്രതിയുടെ മാനസിക നില പരിശോധിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിന് പുറമേ പ്രതിയുടെ ജയിലിലെ പെരുമാറ്റം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാനും കോടതി ആവശ്യപ്പെട്ടു.
Discussion about this post