കണ്ണൂർ: കണ്ണപുരത്ത് സ്‌കൂളിൽ നിന്നും കള്ളൻ മുട്ടകൾ മോഷ്ടിച്ചു. ചെറുകുന്ന് പള്ളിക്കരയിലെ എൻഡിഎൽപി സ്‌കൂളിൽ ആണ് സംഭവം. സ്‌കൂൾ അധികൃതരുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. സ്‌കൂളിൽ എത്തിയ അദ്ധ്യാപകരുടെ ശ്രദ്ധയിലാണ് സംഭവം ആദ്യം പെട്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സ്‌കൂളിലെ ഓഫീസ് മുറിയ്ക്കുള്ളിൽ ആയിരുന്നു മുട്ടകൾ സൂക്ഷിച്ചിരുന്നത്. ഓഫീസ് മുറി കുത്തിത്തുറന്ന് അകത്ത് കടന്ന കള്ളൻ മുട്ടകളുമായി സ്ഥലം വിടുകയായിരുന്നു.
കുട്ടികൾക്ക് പുഴുങ്ങി നൽകാൻ വച്ച 40 മുട്ടയാണ് കള്ളൻ കൊണ്ടുപോയത്. ഇതിനൊപ്പം ഓഫീസിലെ ഷെൽഫിൽ നിന്നും 1800 രൂപയും കവർന്നു. ആകെ 2500 രൂപയുടെ മുതലുകളാണ് നഷ്ടമായത് എന്ന് പ്രധാന അദ്ധ്യാപിക പി.ജെ രേഖ വ്യക്തമാക്കി. ശക്തമായ മഴയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു. ഇത് മുതലെടുത്തുകൊണ്ടാണ് കള്ളൻ മോഷ്ടിക്കാൻ എത്തിയത് എന്നാണ് സൂചന.
Discussion about this post