മുംബൈ : ഇന്ത്യ സന്ദർശിക്കാനെത്തിയ തനിക്ക് രാജ്യത്ത് നിന്ന് ഉണ്ടായ വേറിട്ട അനുഭവം തുറന്നുപറഞ്ഞ് വിദേശ വനിത. ബ്രീ സ്റ്റീലി എന്ന ഓസ്‌ട്രേലിയൻ കോൺഡന്റ് ക്രിയേറ്ററാണ് മുംബൈയിലെ മഴയിലും വെള്ളക്കെട്ടിലും കുടുങ്ങിപ്പോയപ്പോൾ ഉണ്ടായ അനുഭവങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഇന്ത്യക്കാർ ഏറ്റവും കരുത്തരും വളരെ കൂളുമാണെന്ന് യുവതി പറഞ്ഞു. സംഭവം വിശദീകരിച്ചുകൊണ്ട് യുവതി പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
ഇന്ത്യ സന്ദർശനം കഴിഞ്ഞ് തിരികെ മടങ്ങുമ്പോഴാണ് കനത്ത മഴ ആരംഭിച്ചത്. തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. പുലർച്ചെ മൂന്ന് മണിക്കുള്ള വിമാനത്തിൽ തിരികെ നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. മഴയും ബുദ്ധിമുട്ടും കണ്ടപ്പോൾ തനിക്ക് ഇനി തിരികെ നാട്ടിലേക്ക് പോകാൻ സാധിക്കില്ല എന്നാണ് യുവതി കരുതിയിരുന്നത്. എന്നാൽ വെള്ളം നിറഞ്ഞുകിടന്ന റോഡിലൂടെ തന്റെ ഊബർ ഡ്രൈവർ അതിസാഹസികമായി കാർ ഓടിച്ച് പോകുകയും തന്നെ സുരക്ഷിതമായ കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തിക്കുകയും ചെയ്തുവെന്ന് യുവതി പറഞ്ഞു.
”ഇത് ഇന്ത്യയിൽ മാത്രം നടക്കുന്ന പ്രതിഭാസമാണ്. ഇന്ത്യക്കാർ കരുത്തരും വളരെ ചില്ലുമാണ്. ഇത്രയും അഡ്വഞ്ചറസ് ആയ യാത്ര ഇന്ത്യയിൽ മാത്രമേ നടക്കൂ. വെള്ളക്കെട്ട് മൂലം സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാൻ സാധിക്കില്ലെന്നാണ് കരുതിയത്. കാറിന്റെ വീലിന് മുകൾ ഭാഗം വരെ വെള്ളം കയറിയിരുന്നു. എന്നാൽ ഊബർ ഡ്രൈവർ ഒരു കൂസലുമില്ലാതെ കാർ ഓടിച്ച് പോകുകയായിരുന്നു. എല്ലാ പ്രധാനപ്പെട്ട പോയിന്റുകളിലും വാഹനങ്ങൾക്ക് വഴിയൊരുക്കാൻ ആളുകൾ നിൽക്കുന്നുണ്ടായിരുന്നു. പുലർച്ചെ മൂന്ന് മണിക്കാണ് ഇതെല്ലാം സംഭവിച്ചത് എന്ന് ഓർക്കണം” യുവതി വീഡിയോയിൽ പറഞ്ഞു.
താൻ സുരക്ഷിതമായി സ്വന്തം രാജ്യത്ത് എത്തിയെന്നും ഇന്ത്യയിലേക്ക് നടത്തിയ യാത്ര എന്നും മനസിൽ സൂക്ഷിച്ച് വെയ്ക്കുമെന്നും യുവതി പറയുന്നുണ്ട്. വീഡിയോ വൈറലായതോടെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഓരോരുത്തരും അവർ ഇന്ത്യയിലെത്തിയപ്പോൾ നേരിട്ട അനുഭവങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്.
Discussion about this post