തിരുവനന്തപുരം : കിഡ്‌നി സ്റ്റോൺ ചികിത്സയ്ക്കിടെ കുത്തിവെയ്‌പ്പെടുത്തതിന് പിന്നാലെ യുവതി മരിച്ചു. മലയിൻകീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയാണ് മരണം.
ഈ മാസം 15ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കിഡ്‌നി സ്റ്റോൺ ചികിത്സയ്ക്കായി എത്തിയതായിരുന്നു കൃഷ്ണ തങ്കപ്പൻ. ഇവിടെ വെച്ച് ഇഞ്ചക്ഷൻ നൽകിയതോടെ യുവതി അബോധാവസ്ഥയിലായി എന്നാണ് കുടുംബം ആരോപിക്കുന്നത്.
യുവതിക്ക് അലർജി ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിനുള്ള പരിശോധന നടത്താതെ എടുത്ത കുത്തിവയ്പ്പാണ് പ്രശ്‌നമായത് എന്നാണ് പ്രാഥമിക വിവരം.
അബോധാവസ്ഥയിലായതിന് പിന്നാലെ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ആറ് ദിവസമായി യുവതി ഇവിടെ ചികിത്സയിലായിരുന്നു.
കൃഷ്ണയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോ. വിനുവിനെതിരെ ഭാരതീയ ന്യായ് സംഹിത പ്രകാരം നേരത്തെ പോലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post