തിരുവനന്തപുരം: പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്‌കാരം റായ്ബറേലി എംപി രാഹുൽ ഗാന്ധിയ്ക്ക്. ജനങ്ങളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ ഭാരത് ജോഡോ യാത്ര നടത്തിയതാണ് രാഹുലിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണയ്ക്കായി ഉമ്മൻചാണ്ടി ഫൗണ്ടേഷനാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.
ഒരു ലക്ഷം രൂപയും നേമം പുഷ്പരാജ് രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം. ഡോ. ശശി തരൂർ എംപി ചെയർമാനും പെരുമ്പടവം ശ്രീധരൻ, ഡോ.എം.ആർ. തമ്പാൻ, ഡോ.അച്ചുത് ശങ്കർ,ജോൺ മുണ്ടക്കയം എന്നിവർ അംഗങ്ങളുമായുള്ള ജഡ്ജിംഗ് കമ്മിറ്റിയാണ് രാഹുലിനെ പുരസ്‌കാരം നൽകാൻ തിരഞ്ഞെടുത്തത്. പുരസ്‌കാരം ഉടൻ അദ്ദേഹത്തിന് കൈമാറും.
അതേസമയം ഉമ്മൻചാണ്ടിയുടെ ഒന്നാംചരമ വാർഷികംസീനിയർ സിറ്റിസൺസ് ഫോറം ആചരിച്ചു. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരള മുഖ്യമന്ത്രിമാരുടെ ചരിത്രമെടുത്താൽ ഉമ്മൻ ചാണ്ടി ഒരു അപൂർവതയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു.
Discussion about this post