എറണാകുളം: ആർഡിഎക്‌സ് സിനിമയുടെ സംവിധായകൻ നഹാസ് ഹിദായത്തിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് സനിമയുടെ നിർമാതാക്കൾ രംഗത്ത്. ഒരു കോടിയിലേറെ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. സംഭവത്തിൽ സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള കമ്പനി കോടതിയെ സമീപിച്ചു.
സംവിധായകൻ നഹാസ് കരാർ ലംഘിച്ചെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ആർഡിഎക് സിനിമ സംവിധാനം ചെയ്യാൻ 15 ലക്ഷം രൂപ നൽകണമെന്നായിരുന്നു. ഇത് പ്രകാരം 15 ലക്ഷം രൂപ നിർമാതാക്കൾ സംവിധായകന് നൽകിയിരുന്നു. രണ്ടാമത്തെ സിനിമയും ഇതേ നിർമാണ കമ്പനിയ്ക്ക് തന്നെ വേണ്ടിയാകണമെന്നും കരാറിൽ വ്യക്തയമാക്കിയിരുന്നു. ചിത്രം റിലീസ് ആയതിന് ശേഷം രണ്ടാമത്തെ സിനിമയ്ക്കായി 40 ലക്ഷം രൂപ നൽകിയിരുന്നു. ഇത് കൂടാതെ, ഈ സിനിമയുടെ പ്രീ- പ്രൊഡക്ഷൻ ജോലികൾക്കായി 4,80000 രൂപയും നൽകി. എന്നാൽ, പീന്നീട് പ്രൊജക്ടിൽ നിന്നും പിനമാറുകയാണെന്ന് നഹാസ് അറിയിച്ചു. പലതവണ സിനിമ തുടരണമെന്ന് ആവശ്യെപ്പട്ടെങ്കിലും അദ്ദേഹം സമ്മതിച്ചില്ലെന്നും ഹർജിക്കാർ ആരോപിക്കുന്നു.
പുതിയ സിനിമയ്ക്കായി നഹാസ് വാങ്ങിയ തുകയും 50 ലക്ഷം രൂപ നഷ്ടപരിഹാരവും ആണ് നിർമാതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. 18 ശതമാനം പലിശയുൾപ്പെടെ ഒരു കോടിയിലേറെ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ഹർജിയിൽ എറണാകുളം സബ്ബ് കോടതി നഹാസിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഓഗസ്റ്റ് 6ന് ഹാജരാകണമെന്നാണ് ആവശ്യം. അതേസമയം, കോടതിയുടെ സമൻസ് ലഭിച്ചിട്ടില്ലെന്നാണ് നഹാസ് പ്രതികരിച്ചിരിക്കുന്നത്.
Discussion about this post