എറണാകുളം: ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്ത പിതാവിനെയും മകനെയും ഓടുന്ന കാറിൽ വലിച്ചിഴച്ചു. ഞായറാഴ്ച്ച രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടും നടപടിെയടുത്തില്ലെന്നാണ് ആക്ഷേപം.
ലോറി ഡ്രൈവറായ അക്ഷയ്ക്കും പിതാവ് സന്തോഷിനുമാണ് ദുരനുഭവം ഉണ്ടായത്. അക്ഷയെ അര കിലോമീറ്ററോളവും സന്തോഷിനെ 200 മീറ്ററോളവും റോഡിലൂടെ വലിച്ചിഴിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനകം പുറത്തു വന്നിട്ടുണ്ട്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ആയിരുന്നു കാറിൽ ഉണ്ടായിരുന്നത്.
അക്ഷയും സഹോദരിയും വീട്ടിലേയ്ക്ക് പോകുന്ന വഴിയിൽ വച്ചായിരുന്നു കാർ യാത്രികൾ ഇരുവർക്കും മേൽ ചെളി തെറിപ്പിച്ചത്. ഇതോടെ, അക്ഷയ് സ്‌കൂട്ടർ കാറിന്റെ കുറുകെ നിർത്തി ഇതിനെ ചോദ്യം ചെയ്തു. ഇതോടെ, തർക്കമാകുകയും കാർ ഡ്രൈവർ അക്ഷയുടെ കോളറിൽ കുത്തിപ്പിടിക്കുകയും ചെയ്തു. ഈ പ്രശ്‌നം നാട്ടുകാർ ഇടപെട്ടാണ് തീർത്തത്. എന്നാൽ, ഇവിടെ നിന്നും വീട്ടിലേയ്ക്ക് തിരിച്ച അക്ഷയെയും സഹോദരിയെയും പിന്തുടരുകയും അിവർ വീട്ടിലെത്തിയപ്പോൾ തിരികെ പോവുകയും ചെയ്തു.
എന്നാൽ, അൽപ്പ സമയത്തിന് ശേഷം തിരികെ വന്ന കാർ യാത്രികർ വീടിന് പുറത്ത് നിൽക്കുകയായിരുന്ന അക്ഷയുമായി വീണ്ടും വാക്ക് തർക്കമായി. ഇതോടെ കാര്യം തിരക്കാൻ വന്ന അക്ഷയുടെ പിതാവിനെയും അക്ഷയെയും കാർ നീങ്ങവെ വലിച്ചിഴച്ച് മുന്നോട്ട് കൊണ്ടു പോവുകയായിരുന്നു.
പോലീസിൽ പരാതി നൽകിയിട്ടും അവർ കാര്യമായ നടപടിയെടുത്തില്ലെന്ന് അക്ഷയുടെ സഹോദരി പറയുന്നു. കാറിലുണ്ടായിരുന്നവരെ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കണമെന്നും കാർ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് കേൾക്കാൻ പോലീസ് തയ്യാറായില്ല. കാർ കസ്റ്റഡിയിലെടുത്തിട്ടും വിട്ടയയ്ക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ ആവശ്യമുണ്ടെങ്കിൽ വിളിപ്പിച്ചാൽ പോരെയെന്നാണ് പോലീസ് പറഞ്ഞതെന്നും അക്ഷയ്‌യുടെ സഹോദരി പറഞ്ഞു.
Discussion about this post