തൃശൂർ: ഗുരുവായൂർ ദേവസ്വം ബോർഡിന്റെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിർമാണത്തിന് അനുമതിയായി. ഈ മാസം 30ന് മന്ത്രി വിഎൻ വാസവൻ ആശുപത്രിയ്ക്ക് തറക്കല്ലിടും. ദേവസ്വം മെഡിക്കൽ സെന്ററിന്റെ തെക്ക് ഭാഗത്തായി രണ്ടര ഏക്കർ ഭൂമിയിലാണ് ആശുപത്രി നിർമിക്കുക.
ആശുപത്രിയ്ക്കായി 56 കോടി രൂപ നൽകാമെന്ന് റിലയൻസ് ഗ്രൂപ്പ് മേധാവിയും ശതകോടീശ്വരനുമായ മുകേഷ് അംബാനി വാഗ്ദാനം നലകിയിരുന്നു. 2022ൽ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തിയപ്പോഴായിരുന്നു അദ്ദേഹം പണം നൽകുമെന്ന് അറിയിച്ചത്. ഇപ്പോൾ ആശുപത്രി നിർമാണത്തിനുള്ള അനുമതി ലഭിച്ചതോടെ, അംബാനി വൈകാതെ തന്നെ തുക നൽകുമെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിന്റെ രൂപരേഖ അംബാനിയ്ക്ക് നൽകിക്കഴിഞ്ഞു.
കെട്ടിടത്തിന്റെ നിർമാണത്തിനായിരിക്കും ഈ തുക ചിലവഴിക്കുക. ബാക്കി ചിലവുകൾ ദേവസ്വം ബോർഡ് വഹിക്കും. ആശുപത്രിയുടെ നടത്തിപ്പ് ചുമതല ദേവസ്വം ബോർഡിനായിരിക്കും. ഒരു ലക്ഷം ചതുരശ്ര അടിയിൽ നാല് നിലകളായിട്ടായിരിക്കും ആശുപത്രി നിർമിക്കുക. ദാമോദരൻ ആർക്കിടെക്ട് എന്ന കാഞ്ഞക്കാട്ട് സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ആശുപത്രിയുടെ രൂപരേഖ തയ്യാറാക്കിയത്.
Discussion about this post