സ്രാവുകളിൽ മയക്കുമരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തി ശാസ്ത്രജ്ഞർ. ബ്രസീലിലെ സമുദ്രത്തിലെ സ്രാവുകളിലാണ് മയക്കുമരുന്ന് സാന്നിദ്ധ്യമുള്ളത്. മാരകമയക്കുമരുന്നായ കൊക്കെയ്ൻ ആണ് ഇവയുടെ ശരീരത്തിലുള്ളത്. റിയോ ഡി ജനീറോയ്ക്ക് സമീപമുള്ള ജലത്തിലെ 13 ബ്രസീലിയൻ ഷാർപ്പ് സ്രാവുകളിലാണ് പഠനം നടത്തിയത്. പഠനത്തിൽ മറൈൻ ബയോളജിസ്റ്റുകൾ സ്രാവുകളുടെ പേശികളിലും കരളിലും ഉയർന്ന അളവിൽ കൊക്കെയ്ൻ കണ്ടെത്തുകയായിരുന്നു.
ഇത്രയും കൂടിയ അളവിൽ കൊക്കെയ്ൻ എങ്ങനെ സ്രാവുകളിൽ എത്തിയെന്നത് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.എങ്ങനെയാണ് സ്രാവുകളുടെ ശരീരത്തിലേക്ക് മയക്കുമരുന്ന് എത്തിയത് എന്ന് ഉറപ്പിക്കാനായിട്ടില്ലെങ്കിലും ശാസ്ത്രജ്ഞർ കരുതുന്നത് മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കുന്ന അനധികൃത ലാബുകളിലെ ഡ്രെയിനേജ് വഴിയായിരിക്കാം എന്നാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ വിസർജ്യം കലർന്ന മലിനജലത്തിലൂടെയായിരിക്കാം എന്നും കരുതുന്നുണ്ട്. മയക്കുമരുന്ന് കടത്തുകാർ ഏതെങ്കിലും സാഹചര്യങ്ങളിൽ കടലിൽ കൊണ്ടുതള്ളിയ കൊക്കെയ്‌നുകളും കാരണമാവാം എന്നും വിശ്വസിക്കപ്പെടുന്നു.
മറ്റ് കടൽജീവികളിൽ മുമ്പ് കണ്ടെത്തിയിട്ടുള്ളതിൽനിന്നും 100 മടങ്ങ് അധികം കൊക്കെയ്ൻ അംശമാണ് റിയോ ഡി ജനീറോയിൽനിന്നു പിടിച്ച് പരിശോധിച്ച സ്രാവുകളിൽനിന്നു കണ്ടെത്തിയിട്ടുള്ളത്.
ഈ മയക്കുമരുന്നിന്റെ സാന്നിധ്യം സ്രാവുകളുടെ സ്വഭാവത്തിൽ തന്നെ മാറ്റം വരുത്തും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്എത്ര അളവിൽ കൊക്കെയ്ൻ അകത്ത് ചെല്ലുമ്പോഴാണ് അത് സംഭവിക്കുക എന്നത് വ്യക്തമല്ല.
Discussion about this post