തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്‌ക്കെതിരെ മോശം ആംഗ്യം കാണിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് മാദ്ധ്യമ പ്രവർത്തകൻ. മീഡിയ വണ്ണിന്റെ ഡൽഹി ബ്യൂറോ റിപ്പോർട്ടർ ആയ തൗഫീഖ് അസ്ലം ആണ് ഫേസ്ബുക്കിലൂടെ മാപ്പ് പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആകുകയും വ്യാപക വിമർശനം ഉയരുകയും ചെയ്ത പശ്ചാത്തലത്തിൽ ആയിരുന്നു മാപ്പ് പറച്ചിൽ.
ഇന്നലെ ബജറ്റ് അവതരണത്തിന് പിന്നാലെ മാദ്ധ്യമങ്ങൾ സുരേഷ് ഗോപിയുടെ പ്രതികരണം തേടിയിരുന്നു. എന്നാൽ തിരക്കായതിനാൽ അദ്ദേഹം കാര്യമായി ഒന്നും പ്രതികരിയക്കായി അതിവേഗം അവിടെ നിന്നും പോകുകയായിരുന്നു. ഇതിൽ രോഷാകുലനായിട്ടായിരുന്നു തൗഫീഖ് മോശം ആംഗ്യം കാണിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേന്ദ്ര ബജറ്റ് അവതരണം കഴിഞ്ഞപ്പോൾ ഡൽഹി കേരള ഹൗസിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണത്തിനായി ഇന്ന് ഉച്ചയ്ക്ക് ശേഷം പോയിരുന്നു. കേരളത്തോടുള്ള ബജറ്റിലെ അവഗണന അടക്കമുള്ള പ്രതിപക്ഷ ആരോപണത്തിൽ പ്രതികരണം തേടിയാണ് ചെന്നത്. അദ്ദേഹം ബൈറ്റ് നൽകി പോയ ഉടൻ തമാശയായി ഞാൻ കാട്ടിയ അംഗവിക്ഷേപത്തോട് പ്രതികരിച്ചു കൊണ്ടുള്ള കുറിപ്പുകൾ സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്നുണ്ട്.
മാദ്ധ്യമ പ്രവർത്തകൻ എന്ന നിലയിൽ എന്റെ ഭാഗത്ത് നിന്നും ഇത്തരം പെരുമാറ്റം ഉണ്ടാകാൻ പാടില്ലായിരുന്നു എന്നു തിരിച്ചറിയുന്നു. എന്റെ സ്ഥാപനം അംഗീകരിക്കുന്ന പെരുമാറ്റവുമല്ല അത്. അദ്ദേഹത്തെ ആക്ഷേപിക്കണമെന്നോ പരിഹസിക്കണമെന്നോ ഞാൻ ഉദ്ദേശിച്ചിട്ടില്ല. മന്ത്രിയോടെന്നല്ല, ഒരാളോടും അങ്ങിനെ പെരുമാറരുത് എന്ന് ഞാൻ തിരിച്ചറിയുന്നു.
കരുതിക്കൂട്ടിയല്ലെങ്കിൽ പോലും എന്റെ പെരുമാറ്റം അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരിൽ രോഷവും വിഷമവും സൃഷ്ടിച്ചിട്ടുണ്ട് എന്ന് ഞാൻ മനസിലാക്കുന്നു. സംഭവിച്ചു പോയ പിഴവിൽ ക്ഷമ ചോദിക്കുന്നു.
Discussion about this post