ബംഗളൂരു: മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ നിന്നും അർജുനെയും വാഹനവും കണ്ടെത്താൻ തടസ്സമായത് കേരളത്തിൽ നിന്നും രക്ഷാ പ്രവർത്തനത്തിനെന്ന പേരിൽ പോയ രഞ്ജിത്ത് ഇസ്രായേലും സംഘവും. ലോറി നദിയ്ക്കടിയിൽ ആണെന്ന് കർണാടകയിലെ ദുരന്തനിവാരണ സേന ആവർത്തിച്ചിട്ടും അത് കൂട്ടാതെ കരയിൽ തിരയണമെന്ന ഇവരുടെ സമ്മർദ്ദമാണ് അർജുനായുള്ള കണ്ടെത്തൽ വൈകിപ്പിച്ചത്. സംഭവത്തിൽ രഞ്ജിത്ത് ഇസ്രായേലിനും അർജുന്റെ വാഹന ഉടമയ്ക്കും എതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
മണ്ണിടിച്ചലിന്റെ സാഹചര്യം പരിശോധിക്കുമ്പോൾ നദിയ്ക്കടിയിൽ ലോറി ഉണ്ടാകാനാണ് സാദ്ധ്യതയെന്ന് കണ്ട് വെള്ളത്തിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ കേരളത്തിൽ നിന്നുള്ള സംഘം കരയിലാണ് ലോറിയുള്ളത് എന്നും വേഗത്തിൽ തിരഞ്ഞാൽ ലോറി കിട്ടുമെന്നും പറയുകയായിരുന്നു. ഇതേ തുടർന്ന് മണ്ണ് നീക്കി പരിശോധന നടത്തി. എന്നാൽ കണ്ടില്ല. ഇതോടെ വീണ്ടും മണ്ണ് നീക്കി പരിശോധിക്കണം എന്ന് ഇവർ ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെ സൈന്യം എത്തി രക്ഷാ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ഇവർക്ക് മേലെയും കരയിൽ തിരച്ചിൽ നടത്താൻ രഞ്ജിത്ത് ഇസ്രായേൽ അടക്കമുള്ളവർ സമ്മർദ്ദം ചെലുത്തി. മാത്രമല്ല സേനയ്‌ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളും ഉന്നയിച്ചു. ഇതോടെ കരയിലും വെള്ളത്തിലും ഒരുപോലെ തിരച്ചിൽ നടത്താൻ സേന തീരുമാനിക്കുകയായിരുന്നു. നാവിക സേന നടത്തിയ തിരച്ചിലിൽ ആണ് നദിയ്ക്കുള്ളിൽ നിന്നും ഇപ്പോൾ ലോറി കണ്ടെത്തിയിരിക്കുന്നത്.
അധികൃതർ പറഞ്ഞത് കേട്ടിരുന്നുവെങ്കിൽ ഇതിനോടകം തന്നെ അർജുനെ കണ്ടെത്താൻ കഴിയുമായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. കേരളത്തിൽ നിന്നുള്ളവർ നൽകിയ അനാവശ്യ സമ്മർദ്ദം ആയിരുന്നു രക്ഷാ പ്രവർത്തനത്തിന് തടസ്സമായത് എന്നും ഇവർ പറയുന്നു. അതേസമയം തുടർച്ചയായ ഒൻപതാം ദിവസമാണ് ലോറി കണ്ടെത്തിയിരിക്കുന്നത്.
Discussion about this post