മാനന്തവാടി: മഴ ഇടമുറിയാതെ പെയ്യുകയാണ് കേരളത്തിൽ. കോട്ടോ കുടയോ ഇല്ലാതെ ഒരടി നടന്നാൽ പിന്നെ കുളിച്ചുകയറേണ്ട അവസ്ഥ. എന്നാൽ വയനാട് തൃശ്ശിലേരി കുമ്പളാട്ടുകുന്നേൽ മാത്യുവിന് കുടയേ വേണ്ട. എത്ര പേരമാരി വന്നാലും മഴ നനഞ്ഞോളും. എവിടേക്കെങ്കിലും ഇറങ്ങിയാൽ ചെറിയമഴയാണെങ്കിൽ നനയും. ടൗണിലുംമറ്റുമെത്തിയാൽ കടവരാന്തയിലൂടെയും മറ്റും നടക്കും. ഒരുഗതിയുമില്ലെങ്കിൽ ഓട്ടോറിക്ഷപിടിക്കും. എന്നാലും കുടവാങ്ങില്ല, ആരെങ്കിലും കുടക്കീഴിലേക്ക് ക്ഷണിച്ചാൽ സ്‌നേഹത്തോടെ നിരസിക്കും. എന്ത് വന്നാലും കുടചൂടില്ല. കൃത്യമായി പറഞ്ഞാൽ വർഷം 49 കഴിഞ്ഞിരിക്കുന്നു മാത്യുവിന്റെ ഈ ശീലം ആരംഭിച്ചിട്ട്. മഴയായാലും വെയിലായാലും കുട ചൂടില്ലെന്ന പ്രതിജ്ഞയെടുത്തത് 1975 ജൂലായ് 22നാണ്.
49 വർഷങ്ങൾക്ക് മുൻപ് ഇത്തരത്തിൽ ഒരു തീരുമാനത്തിൽ മാത്യു എത്തിയതിന് പിന്നിൽ ഒരു കഥയുണ്ട്. ഓർക്കുമ്പോൾ കണ്ണീര് വരുന്ന കഥ. 1975ലെ മഴക്കാലത്ത് മാത്യുവിന് നഷ്ടമായത് ഏഴുകുടകളാണ്. വീട്ടിൽ നിന്ന് പുറപ്പെട്ടപ്പോൾ കളഞ്ഞത് രണ്ട് കുടകൾ. പിന്നീട് ഭാര്യയുടെ അച്ഛൻ രണ്ടുതവണയായി വാങ്ങിക്കൊടുത്ത കുടയും താൻ കൊണ്ടുപോയിക്കളഞ്ഞു എന്നും അദ്ദേഹം പറയുന്നു.
കുടയില്ലാതെ വീട്ടിൽവരാൻ പറ്റാഞ്ഞിട്ട് അരിവാങ്ങാൻവെച്ച പൈസയെടുത്ത് കുടവാങ്ങിയിരുന്നു. ഗർഭിണിയായ ഭാര്യയെയും രണ്ടുമക്കളും അടക്കം കുടുംബം അന്നുരാത്രി കിഴങ്ങ് കിളച്ചെടുത്ത് പുഴുങ്ങിയാണ് കഴിച്ചത്. ഭാര്യയുടെ അരഞ്ഞാണം വിറ്റുകിട്ടിയ പണവുമായി സ്വർണം പുതുക്കിവെക്കാൻ കാട്ടിക്കുളം ഗ്രാമീൺ ബാങ്കിൽപ്പോയി. അങ്ങനെലഭിച്ച തുകയിൽനിന്നൊരു കുടകൂടിവാങ്ങി. തിരിച്ചിറങ്ങിയപ്പോൾ കുട കാണാനില്ല.അന്ന് സൂര്യഭഗവാനെനോക്കി ചെയ്ത സത്യമാണ് കുടചൂടില്ലെന്ന്. അത് മരിക്കുംവരെ അങ്ങനെയായിരിക്കും എന്ന് മാത്യു പറയുന്നു.
Discussion about this post