ബംഗളൂരു: ഷിരൂരിലെ രക്ഷാ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തി പുഴയിലെ അടിയൊഴുക്ക്. ശക്തമായ അടിയൊഴുക്കിനെ തുടർന്ന് മുങ്ങൽ വിദഗ്ധർക്ക് ട്രക്കിനടുത്തേയ്ക്ക് എത്താൻ കഴിഞ്ഞില്ല. അടിയൊഴുക്ക് കുറയുന്നതും കാത്ത് ടിങ്കി ബോട്ടുകളിൽ ഇപ്പോഴും സംഘം നദിയിൽ റോന്ത് ചുറ്റുകയാണ്.
അർജുന്റെ ട്രക്കിനടുത്തേയ്ക്ക് നാവിക സേനയിലെ മുങ്ങൽ വിദഗ്ധർ രണ്ട് തവണ എത്തിയിരുന്നു. എന്നാൽ അടിയൊഴുക്ക് ശക്തമായതിനാൽ ട്രക്കിന്റെ ക്യാബിന് അടുത്ത് ചെന്ന് പരിശോധിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. സീറോ വിസിബിലിറ്റിയും അടുത്തേയ്ക്ക് എത്താൻ തടസ്സമായി. നിലവിൽ ഐ ബോഡ് ഉപയോഗിച്ച് നദിയിൽ പരിശോധന തുടരുകയാണ്. അടിയൊഴുക്ക് അപകട നിലയിൽ ആയതിനാൽ ഉടനൊന്നും ഇറങ്ങി തപ്പാൻ കഴിയില്ലെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.
അതേസമയം അർജുന്റെ ലോറിയിൽ ഉണ്ടായിരുന്ന തടിക്കഷ്ണങ്ങൾ കണ്ടെത്തി. ഗംഗാവാലി നദിയിൽ നിന്നും 12 കിലോ മീറ്റർ അകലെ ആയിട്ടാണ് മരത്തടികൾ കണ്ടെത്തിയത്. ഇത് അർജുന്റെ ലോറിയിൽ ഉണ്ടായിരുന്നത് ആണെന്ന് ഉടമ മനാഫ് പറഞ്ഞു. പിഎ1 എന്ന് രേഖപ്പെടുത്തിയ ഭാഗമാണ് തിരിച്ചറിഞ്ഞത്.
അതേസമയം അർജുനെ കണ്ടെത്താനുള്ള ശ്രമം പത്താംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഗോവയിൽ നിന്നുള്ള ഡ്രഡ്ജിംഗ് വിദഗ്ധരുടെ സംഘവും രക്ഷാപ്രവർത്തനങ്ങൾക്കായി ഷിരൂരിൽ എത്തിയിട്ടുണ്ട്. രണ്ടാമതൊരു ബൂം എക്‌സവേറ്ററും തിരച്ചിൽ നടത്തുകയാണ്.
Discussion about this post