അടിമാലി: യുവാവിനെ കാറിൽ കഴുത്തറത്ത് കൊല്ലാൻ ശ്രമം. കൈയും കഴുത്തും ബന്ധിച്ചാണ് കൊലപാതക ശ്രമം. കുഞ്ചിത്തണ്ണി ഉപ്പാർ മേപ്പുതുശേരി സുമേഷ് സോമന് (38) നേരെയാണ് ആക്രമണം.പെൺസുഹൃത്ത് ഏർപ്പെടുത്തിയ ക്വട്ടേഷൻസംഘമാണ് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് യുവാവ് ആരോപിക്കുന്നു. ഇയാളെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച രാത്രി 11-ഓടെ കല്ലാർകുട്ടിക്കുസമീപം പനംകൂട്ടിയിലായിരുന്നു ആക്രമണം. അഞ്ചുപേർ കാർ തടഞ്ഞുനിർത്തിയശേഷം കൈകൾ സ്റ്റിയറിങ്ങിനോടും കഴുത്ത് സീറ്റിനോടും ചേർത്ത് ബന്ധിച്ചെന്നും കൈയിലും കഴുത്തിലും മുറിവേൽപ്പിച്ചെന്നും മൊബൈൽ തട്ടിയെടുത്തെന്നുമാണ് സുമേഷ് പോലീസിന് നൽകിയ മൊഴി.അക്രമികൾ തന്റെ മൊബൈൽ ഫോൺ കവർന്നതായും സുമേഷിന്റെ പരാതിയിൽ പറയുന്നു. യുവതി തന്നെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയതായും ഈ സംഘമാണ് തന്നെ ആക്രമിച്ചതെന്നും സുമേഷ് മൊഴി നൽകി
വിവാഹമോചിതനായ സുമേഷ് ഇൻഫോപാർക്കിലെ ജീവനക്കാരിയുമായി ഏതാനും വർഷങ്ങളായി അടുപ്പത്തിലായിരുന്നു. ഇരുവരും കുഞ്ചിത്തണ്ണി സ്വദേശികളാണ്. മൂന്നുവർഷം ഇവർ ഒന്നിച്ച് താമസിച്ചു. പിന്നീട് അകന്നു. ഇതിനിടെ അനുമതിയില്ലാതെ സുമേഷ് യുവതിയുടെ ഏതാനും ചിത്രങ്ങളും സ്വകാര്യസംഭാഷണങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതായി ആരോപണമുണ്ട്. ഇതേത്തുടർന്ന് യുവതി ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകിയിരുന്നു .
Discussion about this post