ബംഗളൂരു: ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുത്തവരിൽ ഒരാളെ അടുത്ത മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും ഐഎസ്ആർഒയും സംയുക്തമായി പരിശീലനം നൽകിയായിരിക്കും ഗഗൻയാൻ ദൗത്യത്തിലെ അംഗത്തിനെ ബഹിരാകാശ നിലയത്തിലേയ്ക്ക് എത്തിക്കുക. കഴിഞ്ഞ ദിവസം ലോക്‌സഭയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
‘ഗഗൻയാത്രിയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്ക് എത്തിക്കാനായി
നാസയുമായി ചേർന്നുള്ള സംയുക്ത ദൗത്യത്തിലേയ്ക്കാണ് ഐഎസ്ആർഒ ചുവടുവയ്ക്കുന്നത്. ഐഎസ്ആർഒ, നാസ, നാസ അംഗീകരിച്ച സ്വകാര്യ ഏജൻസിയായ ആക്‌സിയോം എന്നിവർ സംയുക്തമായി നടത്തുന്ന ദൗത്യമാണ് ഇത്. ഈ ദൗത്യത്തിനായി ആക്‌സിയോമുമായി നാസ നേരത്തെ തന്നെ കരാറിൽ ഒപ്പ് വച്ചുകഴിഞ്ഞു’ കേന്ദ്രമന്ത്രി പറഞ്ഞു.
ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നും വരുന്ന ഓഗസ്റ്റിന് മുമ്പ് ദൗത്യം വിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്കുള്ള നാലാമത്തെ സ്വകാര്യബഹിരാകാശ യാത്രിക ദൗത്യമായിരിക്കും ഇതെന്ന് നാസ പറയുന്നു. ഗഗൻയാൻ യാത്രയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടവർ നിലവിൽ ബംഗളൂരുവിലെ ഐഎസ്ആർഒയുടെ ബഹിരാകാശ യാത്രികരുടെ പരിശീലനത്തിലാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
Discussion about this post