വയർ വീർത്തു വരുന്നതും വിശപ്പില്ലായ്മയും കരൾ രോഗത്തിന്റെ ലക്ഷണമായേക്കാവുമെന്ന് വിദഗ്ധർ.വിശപ്പില്ലായ്മയും മറ്റും ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന കരളിന് ഉണ്ടാകുന്ന തകരാറുകളുടെ സൂചനയാകാമെന്ന് മണിപ്പാൽ ആശുപത്രിയിലെ സർജനായ ഡോ പങ്കജ് ഗുപ്ത ചൂണ്ടിക്കാട്ടി.
നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യുന്നതും കൊഴുപ്പിനെ ലയിപ്പിക്കാനുള്ള പിത്തരസം ഉൽപ്പാദിപ്പിക്കുന്നതും, രക്തത്തിലെ വിഷാശം നീക്കം ചെയ്യുന്നതുമെല്ലാം കരളാണ്. കരളിൻ്റെ ഈ പ്രവർത്തനങ്ങൾ തകരാറിലാകുന്ന സാഹചര്യങ്ങളിലാണ് വിശപ്പില്ലായ്മ, വയറു വീർക്കുക തുടങ്ങിയ വിവിധ ദഹന പ്രശ്നങ്ങൾ ഉണ്ടാകുന്നത്.ഹെപ്പറ്റൈറ്റിസ്, സിറോസിസ്, ഫാറ്റി ലിവർ, കരളിലെ കാൻസർ തുടങ്ങിയ രോഗങ്ങളുടെ ലക്ഷണമാകാം ഇതെന്നും ആദ്ദേഹം ചൂണ്ടിക്കാട്ടി.ഈ ലക്ഷണങ്ങൾ ഭൂരിഭാഗം പേരും അത്ര കാര്യമായി എടുക്കാറില്ലെങ്കിലും അത് ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
ഒരു വ്യക്തിക്ക് വയറു വീർക്കുന്നതോടൊപ്പം വിശപ്പില്ലായ്മ ഉണ്ടാകുന്നുവെങ്കിൽ എത്രയും വേഗം ചികിത്സ തേടണം. പ്രത്യേകിച്ച് മഞ്ഞപ്പിത്തം, ക്ഷീണം, ശരീരഭാരം വേഗത്തിൽ കുറയുക എന്നിവ കരൾ രോഗങ്ങളുടെ ലക്ഷണമായേക്കാം. ഇത്തരം അവസ്ഥകൾ അവഗണിക്കാൻ പാടില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.ഈ ലക്ഷണങ്ങൾ മനസ്സിലാക്കുന്നതിലൂടെ കൃത്യസമയത്ത് വൈദ്യോപദേശവും ചികിത്സയും നേടാൻ സാധിക്കും.
സമീകൃതാഹാരം കഴിക്കുന്നതിലൂടെയും ചിട്ടയായ വ്യായാമം പരിശീലിക്കുന്നതിലൂടെയും അമിതമായ മദ്യപാനം ഒഴിവാക്കുന്നതിലൂടെയുമെല്ലാം കരൾ രോഗങ്ങളെ ഒരുപരിധിവരെ തടയാൻ സാധിക്കും. എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ ഉടൻ തന്നെ വൈദ്യ സഹായം തേടേണ്ടതും പ്രധാനമാണ്.
Discussion about this post