തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിനാൽ വിവിധ ജില്ലകളിൽ ഇന്നും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. യെല്ലോ, ഓറഞ്ച് അലർട്ടുകൾ ആണ് വിവിധ ജില്ലകളിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
തീവ്രമായ മഴ ലഭിക്കുന്ന മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. എറണാകുളം,തൃശ്ശൂർ, പാലക്കാട്, മലപ്പുറം,വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ബാക്കിയുള്ള ജില്ലകളിലും മഴ ലഭിക്കും.
മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ തീരമേഖലയിൽ താമസിക്കുന്നവർക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കൻ കേരള തീരം മുതൽ കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യബന്ധനം പാടില്ലെന്നാണ് അറിയിപ്പ്.
അതേസമയം തുടർച്ചയായി ലഭിച്ചിരുന്ന ശക്തമായ മഴയ്ക്ക് കഴിഞ്ഞ ദിവസങ്ങളിൽ നേരിയ ശമനം ഉണ്ടായിരുന്നു. എന്നാൽ വീണ്ടും മഴ ശക്തമാകുന്ന സാഹചര്യം ആണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്.
Discussion about this post