കൊല്ലം: പള്ളിമുക്കിൽ ഗർഭിണിയായ കുതിരയ്ക്ക് ക്രൂര മർദ്ദനം. പള്ളിമുക്ക് സ്വദേശി ഷാനവാസിന്റെ കുതിരയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഇന്നലെ അയത്തിൽ തെക്കേകാവ് ക്ഷേത്രത്തിന് സമീപത്തെ പറമ്പിലായിരുന്നു സംഭവം. മേയാൻവേണ്ടി ഇവിടെയായിരുന്നു കുതിരയെ കെട്ടിയിരുന്നത്. വൈകീട്ട് ആറ് മണിയ്ക്ക് കുതിരയെ കൂട്ടിക്കൊണ്ടുവരാൻ പോയപ്പോഴാണ് ആക്രമിക്കപ്പെട്ടതായി വ്യക്തമായത്. കുതിരയുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുതിര ക്രൂരമായി ആക്രമിക്കപ്പെട്ടതായി വ്യക്തമായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രദേശവാസികളായ ഒരു സംഘം യുവാക്കളാണ് കുതിരയെ ആക്രമിച്ചിരിക്കുന്നത്. കുതിരയെ കമ്പ് കൊണ്ട് തലങ്ങും വിലങ്ങും അടിയ്ക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. ഇതിന് പുറമേ കുതിരയുടെ വയറ്റിലേക്ക് ചവിട്ടുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. അരമണിക്കൂറോളം നേരമാണ് കുതിര മർദ്ദനത്തിന് ഇരയായത്. സിസിടിവി ദൃശ്യത്തിൽ നിന്നും ആരാണ് ഉപദ്രവിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേസ് കൊടുത്തിട്ടുണ്ടെന്നും ഷാനവാസ് പറഞ്ഞു.
Discussion about this post