വയനാട് : ഉരുൾപ്പൊട്ടലിൽ നാശം വിതച്ച ചൂരൽമലയിൽ താത്ക്കാലിക പാലത്തിന്റെ നിർമ്മാണം പൂർത്തിയായി എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സൈന്യവും ഫയർഫോഴ്‌സും ഒന്നിച്ചാണ് പാലം നിർമ്മാണം പൂർത്തിയാക്കിയത്. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് രാത്രിയിലും രക്ഷാപ്രവർത്തനം നടത്താനാണ് നിലവിലെ തീരുമാനം.
ചൂരൽമലയും മുണ്ടക്കൈയും തമ്മിൽ ബന്ധിപ്പിക്കുന്ന താത്ക്കാലിക പാലമാണ് നിർമ്മിച്ചത്. മുണ്ടക്കൈയിൽ കുടുങ്ങിക്കിടക്കുന്നവരെ സൈന്യം പാലത്തിലൂടെ ഇക്കരയ്ക്ക് എത്തിക്കുന്നുണ്ട്. എന്നാൽ ഇടയ്ക്കിടെ ഉണ്ടാകുന്ന മഴ വെല്ലുവിളി വർദ്ധിപ്പിക്കുന്നുണ്ട്.
ഉരുൾപൊട്ടൽ കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് ദൗത്യസംങം പുഴകടന്ന് മുണ്ടക്കൈയിൽ എത്തിയത്. തുടർന്ന് വടം കെട്ടി ആളുകളെ രക്ഷപ്പെടുത്താനും ശ്രമം നടത്തിയിരുന്നു.
അതേസമയം ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഉന്നത സൈനിക ഉദ്യോഗസ്ഥർ വയനാട്ടിലേക്ക് എത്തും. കർണാടക-കേരള സബ് ഏരിയ കമാൻഡർ മേജർ ജനറൽ വി ടി മാത്യു അടക്കമുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് വയനാട്ടിലേക്ക് എത്തുക.
കൂടാതെ ദുരന്തബാധിത മേഖലയിൽ 330 അടിയുള്ള താൽക്കാലിക പാലത്തിന്റെ നിർമ്മാണവും സൈന്യം നാളെ തുടങ്ങുന്നതായിരിക്കും. പാലത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഭാഗങ്ങൾ ബംഗളൂരുവിൽ നിന്നും നാളെ പുലർച്ചെ തന്നെ വയനാട്ടിൽ എത്തിക്കും. ആർമി എൻജിനീയറിങ് ഗ്രൂപ്പിന്റെ 70 വിദഗ്ധരാണ് പാലം നിർമ്മാണത്തിനായി നാളെ വയനാട്ടിൽ എത്തുക. ചെറു പാലങ്ങളുടെ നിർമാണത്തിനായുള്ള ഉപകരണങ്ങൾ ദില്ലിയിൽ നിന്നും നാളെ രാവിലെ കണ്ണൂർ വിമാനത്താവളത്തിലും എത്തിക്കുമെന്ന് സൈന്യം അറിയിച്ചു.
Discussion about this post