തിരുവനന്തപുരം : ദുരന്തഭൂമിയായി മാറിയ വയനാടിനെ പുനർനിർമ്മിക്കാൻ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്നവർ സഹായം നൽകണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകൾ പൂർണമായും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വയനാട്ടിൽ ഇപ്പോൾ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ എല്ലാവിധത്തിലും സഹായിക്കാൻ നാം ഒരുമിച്ച് ഇറങ്ങേണ്ട സാഹചര്യമാണ്. പല വിധത്തിൽ സഹായങ്ങൾ പ്രഖ്യാപിച്ച് ഇതിനോടകം പലരും മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും അതൊന്നും മതിയാകില്ല. കൂടുതൽ സഹായങ്ങൾ ഉണ്ടെങ്കിൽ മാത്രമേ എല്ലാ തരത്തിലും നമുക്ക് ആ നാടിനെ പുനർനിർമ്മിക്കാൻ സാധിക്കുകയുള്ളൂ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകി അവരെ സഹായിക്കാൻ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സി. എം.ഡി.ആർ.ഫിലേയ്ക്ക് 50 ലക്ഷം കേരള ബാങ്ക് ഇക്കാര്യത്തിൽ ഇപ്പോൾ തന്നെ നൽകിയിട്ടുണ്ട്. സിയാൽ 2 കോടി രൂപ വാഗ്ദാനം നൽകി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ 5 കോടി രൂപ സഹായമായി നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post