വയനാട്: വയനാട്: മേപ്പാടിയില്‍ ഉണ്ടായ ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ അവധിയിലുള്ള ഉദ്യോഗസ്ഥരോട് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ നിർദേശം നൽകി സൈന്യം. ആയിരത്തിലധികം പേരെ സംയുക്തസേന ഇതുവരെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. എഴുപതോളം മൃതദേഹങ്ങൾ ഇതുവരെ ദുരന്ത മേഖലയില്‍ നിന്ന് കണ്ടെടുത്തതായും സൈന്യം അറിയിച്ചു.
തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് ആർമി സംഘങ്ങൾ രാത്രി കോഴിക്കോട് എത്തിയിരുന്നു. മദ്രാസ് എൻജിനീയറിംഗ് ടാസ്ക് ഫോഴ്സും സംഭവ സ്ഥലത്ത് എത്തി. ജെസിബി, ട്രക്കുകൾ അടക്കമുള്ള സാമഗ്രികൾ ഉച്ചയോടെ വയനാട്ടിൽ എത്തുമെന്നും സൈന്യം വ്യക്തമാക്കി.85 അടിയുള്ള താൽക്കാലിക പാലത്തിന്റെ നിർമ്മാണം സൈന്യം ഇന്ന് തുടങ്ങും. ബെയിലി പാലത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഭാഗങ്ങൾ ബംഗളൂരുവിൽ നിന്നും വയനാട്ടിൽ എത്തിക്കും.
അതേസമയം, ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ അടിയന്തര മന്ത്രിസഭാ യോഗം നടന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 9.30 ന് ഓൺലൈനായാണ് യോഗം ചേര്‍ന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷം ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേരും.
വൈകുന്നേരത്തോടെ മുഖ്യമന്ത്രി കോഴിക്കോട്ടെത്തും. ദുരന്ത ബാധിത പ്രദേശത്തെ
സ്ഥിതിഗതികൾ വിലയിരുത്താൻ നാളെയോടെ മുഖ്യമന്ത്രി വയനാട്ടിൽ എത്തുമെന്നാണ് വിവരം.
Discussion about this post