ധാക്ക : രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച് ബംഗ്ലാദേശ്. ബംഗ്ലാദേശിൽ സർക്കാർ തൊഴിൽ സംവരണത്തിനെതിരെ വിദ്യാർത്ഥികൾ നടത്തിയ കലാപത്തിൽ ജമാഅത്തെ ഇസ്ലാമിക്കും അതിന്റെ വിദ്യാർത്ഥി വിഭാഗമായ ഛത്ര ഷിബിറിക്കും പങ്കുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇരു സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയത്.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ നേതൃത്വത്തിലുള്ള 14 പാർട്ടികളുടെ സഖ്യം ചൊവ്വാഴ്ച ഇത് സംബന്ധിച്ച് പ്രമേയം പാസാക്കിയിരുന്നു. മുൻ പ്രധാനമന്ത്രി ഖാലിദ സിയ നേതൃത്വം നൽകുന്ന ബംഗ്ലാദേശ് നാഷണൽ പാർട്ടിയുടെ സഖ്യകക്ഷിയായ ജമാഅത്ത് ഇസ്ലാമിയെ രാഷ്ട്രീയത്തിൽ നിന്ന് നിരോധിക്കണമെന്ന ആവശ്യമാണ് ഉയർന്നത്.
ജമാഅത്തെ ഇസ്ലാമിയും അതിന്റെ വിദ്യാർത്ഥി സംഘടനയായ ഇസ്ലാമി ഛത്ര ഷിബിറും ബംഗ്ലാദേശ് നാഷണൽ പാർട്ടിയും (ബിഎൻപി) അതിന്റെ വിദ്യാർത്ഥി റാഡിക്കൽ ഗ്രൂപ്പായ ഛത്ര ദളും പ്രതിഷേധത്തിനിടെ രാജ്യവ്യാപക അക്രമം അഴിച്ചുവിടാൻ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തൽ. വിദ്യാർത്ഥി സംഘടനകൾ ഇത് നിഷേധിച്ചെങ്കിലും അക്രമവുമായി ബന്ധപ്പെട്ട് നിരവധി തെളിവുകളാണ് ലഭിച്ചത്. രാജ്യത്ത് നടന്ന അക്രമത്തിൽ 200 ലധികം പേരാണ് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് നിർണായക നീക്കം.
Discussion about this post