തിരുവനന്തപുരം: ശക്തമായ മഴയിൽ സംസ്ഥാനത്തെ പുഴകളിലെ ജലം അപകടകരമായ ഉയരുന്നതായി കേന്ദ്ര ജല കമ്മീഷൻ. ഇതേ തുടർന്ന് നദികളിൽ ഓറഞ്ച്,യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. സംസ്ഥാന വ്യാപകമായി മഴ തുടരുന്നതിനാൽ നദിയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം എന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എട്ട് നദികളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് അടുത്തെത്തിയെന്നാണ് റിപ്പോർട്ടുകൾ.
ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കരുവന്നൂർ (പാലക്കടവ് സ്റ്റേഷൻ), ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ), കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ), പാലക്കാട് ജില്ലയിലെ ഭാരതപ്പുഴ (കുമ്പിടി സ്റ്റേഷൻ), കണ്ണാടിപ്പുഴ (പുദുർ സ്റ്റേഷൻ), പുലംതോട് (പുലാമന്തോൾ സ്റ്റേഷൻ), മലപ്പുറം ജില്ലയിലെ കടലുണ്ടി (കാരത്തോട് സ്റ്റേഷൻ) എന്നീ നദികളിലാണ് ഓറഞ്ച് അലർട്ടുള്ളത്.
അഞ്ച് നദികളിലാണ് യെല്ലോ അലർട്ടുള്ളത്. പത്തനംതിട്ട ജില്ലയിലെ മണിമല (കല്ലൂപ്പാറ സ്റ്റേഷൻ), തൃശൂർ ജില്ലയിലെ ചാലക്കുടി (അരങ്ങാലി സ്റ്റേഷൻ), കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി (കുറ്റ്യാടി സ്റ്റേഷൻ), കാസറഗോഡ് ജില്ലയിലെ ചന്ദ്രഗിരി (പൂക്കയം സ്റ്റേഷൻ), പയസ്വിനി (എരിഞ്ഞിപുഴ സ്റ്റേഷൻ) എന്നീ നദികളിലാണ് മഞ്ഞ അലർട്ടുള്ളത്. നദികളിലെ ജലനിരപ്പ് വീണ്ടും ഉയർന്നാൽ മുന്നറിയിപ്പിൽ മാറ്റം വരുത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മദ്ധ്യ കേരളത്തിലും വടക്കൻ കേരളത്തിലും അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതിനാൽ നദികളിലെ ജലനിരപ്പ് ഇനിയും ഉയരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post