വയനാട്: മേപ്പാടിയില്‍ ദുരന്ത മുഖത്ത് രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമായ ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം വൈകിയും തുടര്‍ന്നു സൈന്യം. നാളെ രാവിലെയോടെ മുണ്ടക്കൈ ഭാഗത്തുള്ള കരയിൽ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. നാളെ ഉച്ചയ്ക്ക് ശേഷം പണി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. പണി പൂർത്തീകരിച്ചാൽ ജെസിബി വരെയുള്ള വാഹനങ്ങൾ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും.
ചൂരൽ മലയിൽ ഒരു വശത്ത് കെട്ടിടങ്ങളാണ്. അതിനാല്‍ തന്നെ പാലത്തിൻ്റെ തൂൺ സ്ഥാപിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതാണ് പാലത്തിൻ്റെ പണി വൈകാൻ കാരണം. പുഴയിൽ പ്ലാറ്റ്ഫോം നിര്‍മ്മിച്ച് തൂൺ സ്ഥാപിക്കാനാണ് സൈന്യത്തിൻ്റെ ശ്രമം.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദുരന്ത മുഖത്ത് ഇന്നത്തെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. അപായ സാധ്യത മുന്നിൽ കണ്ടാണ് ദൗത്യ സംഘം രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തി വച്ചത്.
നാളെ രാവിലെ വീണ്ടും രക്ഷാപ്രവർത്തനം പുനരാരംഭിക്കും. ചൂരൽ മലയിൽ അതി തീവ്രമായ മഴയാണ്. മലവെള്ളപ്പാച്ചിലും ശക്തമാണ്. അതേസമയം ഉരുൾപൊട്ടലിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 270 ആയി. വയനാട്ടില്‍ ഉരുൾപൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ മാറി താമസിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി, കാപ്പിക്കളം, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ആണ് നിര്‍ദ്ദേശം.
Discussion about this post