വയനാട് : ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ നൂറ് കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടതിൽ വിറങ്ങലിച്ചിരിക്കുകയാണ് കേരളം. മണ്ണിനടിയിലായവർക്കായി ദൗത്യസംഘം മൂന്നാം നാളും തിരച്ചിൽ നടത്തുകയാണ്.ഇതുവരെ 276 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 240 പേരെ കാണാനില്ല എന്നാണ് അനൗദ്യോഗിക വിവരം.
തകർന്ന വീടുകൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നെന്നാണ് സംശയം. മൂന്നാം നാളത്തെ തിരച്ചിൽ യന്ത്രങ്ങളുടെ സഹായത്തോടെയാണ് നടത്തുന്നത്. 15 മണ്ണുമാന്തി യന്ത്രങ്ങൾ ഇന്നലെ രാത്രി മുണ്ടക്കൈയിൽ എത്തിച്ചു.
ചാലിയാറിൽ നിന്ന് ഇതുവരെ 127 മൃതദേഹങ്ങളാണ് ലഭിച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. രണ്ട് ദിവസത്തിൽ രക്ഷിച്ചത് കുടുങ്ങിക്കിടന്ന 1592 പേരെയാണ്. ഇപ്പോൾ രക്ഷാപ്രവർത്തനത്തിന് 1167 പേരാണ് രംഗത്തുള്ളത്.
തിരച്ചിലിനായി കരസേനയും നാവിക സേനയും കോസ്റ്റ് ഗാർഡും രംഗത്തുണ്ട്. രക്ഷാപ്രവർത്തകർ കണ്ടെടുത്ത മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ പറ്റാത്ത നിലയിലാണുള്ളത്. നൂറോളം പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ നിരവധി പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 82 ദുരിതാശ്വാസ ക്യാമ്പുകളിൽ 8304 പേരാണ് കഴിയുന്നത്.
രക്ഷാപ്രവർത്തനത്തിന് നിർണായകമായ ബെയ്ലി പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. പ്രതികൂല സാഹചര്യത്തിലും, രാത്രിയിലടക്കം തുടർന്ന പാലത്തിന്റെ നിർമാണം രാവിലെ അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ്.
കരസേനയാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത് .ഉച്ചയ്ക്ക് ശേഷം പണി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. പണി പൂർത്തീകരിച്ചാൽ ജെസിബി വരെയുള്ള വാഹനങ്ങൾ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും.
Discussion about this post