തൃശൂർ: തൃശൂർ വടക്കാഞ്ചേരി അകമലയിൽ ഏത് നിമിഷവും ഉരുൾപൊട്ടലുണ്ടാകാമെന്ന് റിപ്പോർട്ട്. ജില്ലാഭരണകൂടത്തിന്റെ നിർദേശപ്രകാരം നാല് വകുപ്പുകൾ ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പ്രദേശത്ത് താമസിക്കുന്ന ആളുകൾ മാറിതാമസിക്കണമെന്ന് വടക്കാഞ്ചേരി നഗരസഭ നിദേശം നൽകി.
മൈനിംഗ് ആൻഡ് ജിയോളജി, സോയിൽ കൺസർവേഷൻ, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ, റവന്യൂ സംഘം എന്നിവർ ചേർന്നാണ് അകമലയിൽ പരിശോധന നടത്തിയത്. മണ്ണിന് ബലക്കുറവുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. മണ്ണിനടിയിൽ ഉറവയുള്ളതിനാൽ അപകട സാധ്യത കൂടുതലാണ്. മഴക്കാലം കഴിയുന്നതുവരെ ഏത് നിമഷവും ഉരുൾപൊട്ടലുണ്ടാകാൻ സാധ്യത കൂടുതലാണെന്നും അറിയിച്ചുകൊണ്ട് സംഘം നഗരസഭയ്ക്ക് റിപ്പോർട്ട് നൽകി.
41 കുടുംബങ്ങളാണ് അപകടസാധ്യതയുള്ള പ്രദേശത്ത് താമസിക്കുന്നത്. ഈ കുടുംബങ്ങളോട് മഴക്കാലം കഴിയുന്നതു വരെ മാറി താമസിക്കണമെന്ന് വടക്കാഞ്ചേരി നഗരസഭ നിർദേശിച്ചു. ഇവർക്കാവശ്യമായ ക്യാമ്പുകളും മറ്റ് സൗകര്യങ്ങളും സജീകരിച്ചതായും നഗരസഭ ചെയർമാൻ അറിയിച്ചു.
Discussion about this post