വയനാട്: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ ദുരന്തബാധിത പ്രദേശത്ത് എത്തി. കെസി വേണുഗോപാലിനോടും വിഡി സതീശനോടും ഒപ്പമാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തിയിരിക്കുന്നത്. വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരെയും ക്യാമ്പുകളിൽ താമസിക്കുന്നവരെയും ഇരുവരും സന്ദർശിക്കും. ബെയ്‌ലി പാലത്തിലെത്തി വിവരങ്ങൾ അന്വേഷിച്ചതിന് പിന്നാലെ അദ്ദേഹം മേപ്പാടി പ്രാഥമീകാരോഗ്യ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്.
രാഹുലും പ്രിയങ്കയും ഇന്നലെ വയനാട്ടിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, കാലാവസ്ഥ പ്രതികൂലമായതിനാൽ, ഹെലികോപ്ടർ ലാൻഡിംഗിന് സാധിക്കാത്ത സാഹചര്യമായതുകൊണ്ടാണ് യാത്ര മാറ്റിവച്ചത്.
അതേസമയം, ദുരന്തബാധിത പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ചൂരൽമലയിലെത്തി. രാവിലെ വയനാട്ടിലെത്തിയ അദ്ദേഹം ഉന്നതതല യോഗത്തിന് പിന്നാലെയാണ് ചൂരൽമലയിലെത്തിയത്. മന്ത്രിമാർ രക്ഷാപ്രവർത്തനം കഴിയുന്നതു വരെ പ്രദേശത്ത് തുടരുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. പ്രദേശത്ത് നിന്നുകൊണ്ടു തന്നെ മന്ത്രിമാർ രക്ഷാദൗത്യം ഏകോപിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.
Discussion about this post