ദുരന്തം നടന്ന ദിവസം എല്ലാവരുടെയും ഉള്ളുലച്ച ദൃശ്യമാണ് മകളെ തേടിയുള്ള ഒരു അച്ഛന്റെ കണ്ണുനീർ ഒഴുക്കുന്ന ചിത്രം. മകളെ തേടിയുള്ള സ്വാമിദാസിന്റെ ദൃശ്യങ്ങളായിരുന്നു അത്. ഒരോ ആളുകളെയും രക്ഷിച്ച് കൊണ്ടുവരുപ്പോഴും ആ അച്ഛൻ തന്റെ മകൾ ഉണ്ടോ ഉണ്ടോ എന്ന് നോക്കും. അങ്ങനെ മൂന്ന് നാൾ കഴിഞ്ഞു. ആ അച്ഛന്റെ മകളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.
എന്റെ പേര് സ്വാമിദാസ്. ഞാൻ ഇപ്പോൾ ചൂരൽമലയിലാണ് ഉള്ളത്. ഇന്നലെ രാത്രി ഉരുൾപൊട്ടിയതാണ്. ഇതിൽ കൂറെ വീടുകൾ പോയി. അതിൽ എന്റെ മകളും പോയി. ഈ മണ്ണിന്റെ അടിയിൽ എവിടെയോ ഉണ്ട്….. എന്റെ മോളുടെ വീട് ഇതിന്റെ കീഴെ എവിടെയോ ഉണ്ട്…. ഇങ്ങനെയാണ് ഉരുൾപൊട്ടലിന്റെ ഒന്നാം ദിവസം അദ്ദേഹം പറഞ്ഞത്.
ഈ മൂന്നാം നാളിൽ അളിയനെയും ഭാര്യയെയും അവരുടെ മകളെയും കണ്ടുപിടിച്ചിട്ടുണ്ട്. എന്റെ മകളെ മാത്രം കാണാനില്ല. ഇപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ഇവിടെ എല്ലാം നോക്കിട്ട് ഇതുവരെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല.. എന്റെ അച്ഛനെയും അമ്മയെയും കാണുന്നില്ല. ക്യാമ്പുകളിൽ എല്ലാം തിരഞ്ഞു. ചൂരൽമലയിൽ ഉള്ള രണ്ട് മൂന്ന് ക്യാമ്പുകളിൽ തിരഞ്ഞു. പിന്നെ എല്ലാം ആശുപത്രികളിലും തിരഞ്ഞു.അവിടെ നിന്ന് ഒന്നും മോളെ കുറിച്ച് ഒരു വിവരവും ഇല്ല….. .. പല സ്ഥലങ്ങളിലായി കുട്ടികൾ ഉണ്ട് എന്ന് ചാനലുകാർ പറഞ്ഞു. പക്ഷെ ശരീര ഭാഗങ്ങൾ മാത്രമേ ഉള്ളു എന്നാണ് അവർ പറയുന്നത്. ഇപ്പോൾ വരുന്ന മൃതദേഹങ്ങളിൽ ഉണ്ടോ എന്ന് അറിയില്ല എന്നാണ് സ്വാമിദാസിന്റെ ഇപ്പോഴത്തെ വാക്കുകൾ.
സംഭവസമയം ഞാൻ എരുമാട് എന്റെ വീട്ടിലായിരുന്നു. ഭാര്യയുടെ വീടാണ് വെള്ളാർമലയിൽ. കഴിഞ്ഞവർഷമാണ് മോളെ വെള്ളാർമല സ്‌കൂളിൽ ചേർത്തിയത്. എന്റെ മോളെ കിട്ടിയാൽ അറിയിക്കണം. എനിക്ക് അവളുടെ മുഖമൊന്ന് കണ്ടാൽ മതി. ഇങ്ങനെയൊരു അവസ്ഥ ഒരു മാതാപിതാക്കൾക്കും വരാൻ പാടില്ല..സ്വാമിദാസ് വിതുമ്പി.
ദുരന്ത മേഖലയിൽ നിന്നുള്ള ദൃശ്യങ്ങൾ ഹൃദയം നുറുങ്ങുന്നതാണ്. ഇന്ന് ദുരന്ത മുഖത്ത് വീടുകളില്ല, കടകളില്ല, റോഡില്ല, സമ്പാദ്യങ്ങളൊന്നുമില്ല. ചിതറിക്കിടക്കുന്ന പാത്രങ്ങൾ, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, ഉടമകളെ നഷ്ടപ്പെട്ട് അലഞ്ഞുനടക്കുന്ന കന്നുകാലികൾ, വളർത്തുനായ്ക്കൾ… എങ്ങും വേദനിക്കുന്ന കാഴ്ചകൾ മാത്രം. വെറും ചെളിക്കുഴമ്പുപോലെ മുണ്ടക്കൈ.
Discussion about this post