വയനാട് : കർണാടക ഷീരൂരിൽ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഡ്രോണുകൾ എത്തിക്കാൻ തീരുമാനം.മേപ്പാടി ഉരുൾപൊട്ടലിൽ മൃതദേഹങ്ങൾ കണ്ടെടുക്കാൻ ഡ്രോണിന്റെയും മറ്റ് സാങ്കേതിക വിദ്യകളുടെ സഹായം തേടും. നാളെ മുതൽ ഈ ഡ്രോൺ ഉപയോഗിച്ചായിരിക്കും രക്ഷപ്രവർത്തനം ആരംഭിക്കുക.
അർജുൻ രക്ഷാദൗത്യത്തിൽ പങ്കാളിയായ മേജർ ജനറൽ ഇന്ദ്രബാലന്റെ (റിട്ട.) സംഘത്തിന്റെ സഹായവും സംസ്ഥാന സർക്കാർ തേടിയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാകും ഐബോഡ് ഡ്രോൺ ഉപയോഗിക്കുക. കൂടാതെ ഉരുൾപൊട്ടൽ നടന്ന മേഖലയുടെ ഏരിയ മാപ്പിംഗും തയ്യാറാക്കിയിട്ടുണ്ട്.
വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൽപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണ്. കെട്ടിട അവശിഷ്ടങ്ങളും പാറയും മരങ്ങളും നിറഞ്ഞു കിടക്കു ദുരന്തഭൂമിയിലെ തിരച്ചലിന് പ്രതികൂല കാലാവസ്ഥയും തടസ്സമാകുന്നു. ഇത്തരം പ്രതിസന്ധികൾ നിലനിൽക്കുന്നതിനാൽ മണ്ണിനടിയിലായവരെ കണ്ടെത്താനും പുറത്തെടുക്കാനും ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യം പരിഗണിച്ചാണ് മൃതദേഹങ്ങൾ കണ്ടെത്താൻ ഷീരൂരിൽ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഡ്രോണുകൾ എത്തിക്കാൻ തീരുമാനമായത്.
ദൗത്യത്തിന് തടസ്സമായി ഇടവിട്ട് ശക്തമായ മഴയും ഉണ്ട്. വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളാണ് തകർന്നത് എന്നാണ് വിവരം. ചാലിയാറിൽ നിന്ന് ഇന്നും മൃതദേഹങ്ങൾ കണ്ടെത്തി. കൂടാതെ ചൂരൽമലയിൽ ബെയ്‌ലി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുകയും ചെയ്തു. ഇനി കണ്ടെത്താനുള്ളത് 240 പേരെയാണ് .അതിൽ കാണാതായവരിൽ 29 കുട്ടികളാണ് എന്നാണ് റിപ്പോർട്ട്.
Discussion about this post