വയനാട്: ഉരുൾപെട്ടൽ മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ബിഎസ്എൻഎൽ. ജില്ലയിൽ സൗജന്യ മൊബൈൽ സേവനങ്ങൾ പരിധിയില്ലാതെ തുടരുമെന്ന് ബിഎസ്എൻഎൽ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയത്തിന് തടസ്സമുണ്ടാകാതിരിക്കാനാണ് ബിഎസ്എൻഎല്ലിന്റെ തീരുമാനം.
അടുത്ത മൂന്ന് ദിവസത്തേയ്ക്ക് ആയിരിക്കും സൗജന്യ സേവനം. പരിധിയില്ലാത്ത ഇന്റർനെറ്റും കോളുകളുമാണ് ബിഎസ്എൻഎൽ ജില്ലയിലെ ഉപഭോക്താക്കൾക്കായി നൽകുന്നത്. ഇതിന് പുറമേ സമാന സേവനങ്ങൾ നിലമ്പൂർ താലൂക്കിലും ലഭിക്കും. ചാലിയാർ പുഴ വഴി മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും ഒഴുകിയെത്തുന്ന പശ്ചാത്തലത്തിലാണ് ബിഎസ്എൻഎൽ താലൂക്കിലും സൗജന്യ സേവനം ലഭ്യമാക്കാൻ തീരുമാനിച്ചത്.
ചൂരൽമലയിലും മുണ്ടക്കൈയിലും സൗജന്യകണക്ഷനും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ചൂരൽമലയിൽ ആകെ ഒരു മൊബൈൽ ടവർ മാത്രമാണ് ഉള്ളത്. അത് ബിഎസ്എൻഎല്ലിന്റേത് ആണ്. ഇവിടെയും മേപ്പാടിയിലും 4 ജി സേവനമാണ് ബിഎസ്എൻഎൽ സാദ്ധ്യമാക്കുന്നത്.
ആരോഗ്യ വകുപ്പിന് പ്രത്യേക ടോൾ ഫ്രീ നമ്പറും ജില്ലാ ആസ്ഥാനത്തേക്ക് അതിവേഗ ഇന്റർനെറ്റ് കണക്ഷനുകളും മൊബൈൽ സേവനവും ബിഎസ്എൻഎൽ ഒരുക്കിയിട്ടുണ്ട്. ദുരിതാശ്വാസ കോഓർഡിനേറ്റർമാർക്കായി അതിവേഗ ഇന്റർനെറ്റും ലഭ്യമാക്കിയതായി അധികൃതർ പറഞ്ഞു.
ബിഎസ്എൻഎല്ലിന് പുറമേ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായവുമായി എയർടെലും സൗജന്യ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. മൂന്ന് ദിവസത്തേയ്ക്ക് പരിധിയില്ലാത്ത കോൾ, ഇന്റർനെറ്റ്, എസ്എംഎസ് എന്നിവയാണ് ലഭ്യമാക്കുന്നത്.
Discussion about this post