വയനാട്: മേപ്പാടിയിയിലെ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തുന്നവരെ സല്യൂട്ട് ചെയ്യുന്നുവെന്ന് നടൻ മോഹൻലാൽ. ദുരന്തഭൂമിയിൽ ധീരതയോടെ അക്ഷീണം പ്രവർത്തനങ്ങൾ നടത്തുന്ന നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റസ്‌ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയ ഓരോ വ്യക്തിയെയും അഭിവാദ്യം ചെയ്യുന്നു. ഇതിന് മുൻപും നാം ഇത്തരത്തിൽ വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. അതിൽ നിന്നും നാം കൂടുതൽ ശക്തരായി. ദുഷ്‌കരമായ സമയത്ത് നാം ഒറ്റക്കെട്ടായി നിൽക്കാനും ഐക്യത്തിന്റെ ശക്തി കാണിക്കാനും പ്രാർത്ഥിക്കുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. തന്റെ 122 ഇൻഫാൻട്രി ബെറ്റാലിയനും ദുരന്തമുഖത്ത് മുൻനിരയിലുള്ളതിന് നന്ദിയുള്ളവനാണെന്നും അദ്ദേഹം കുറിച്ചു.
ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തുന്ന രക്ഷാപ്രവർത്തകരുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പിട്ടത്. അതേസമയം, മഖ്യമന്ത്രിയും രാഹുൽഗാന്ധിയും പ്രിയങ്ക വാദ്രയും ഉൾപ്പെടെയുള്ളവർ ഇന്നലെ ദുരന്തബാധിത മേഖലകളിൽ സന്ദർശനം നടത്തിയിരുന്നു. വിവിധ ആശുപത്രിയിൽ ചികിത്സയിലുള്ളവരെയുൾപ്പെടെ നേരിൽ കണ്ടാണ് രാഹുൽ ഗാന്ധി മടങ്ങിയത്. ദുരന്തഭൂമിയിൽ നേരിട്ട് നിന്ന് രക്ഷാദൗത്യം ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
മുണ്ടക്കൈയെയും ചൂരൽമലയുമായി ബന്ധിപ്പിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിർമാണം സൈന്യം ഇന്നലെ പൂർത്തിയാക്കി. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മുണ്ടക്കൈയിൽ നിലവിൽ സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവാണെന്നാണ് കണ്ടെത്തൽ. മുണ്ടക്കൈ,പുഞ്ചിമട്ടം എന്നിവിടങ്ങളിൽ തെർമൽ ഇമേജിംഗ് പരിശോധനയിലാണ് സജീവ മനുഷ്യസാന്നിധ്യം കുറവാണെന്ന് കണ്ടെത്തിയിരിക്കുന്നത്. കൊച്ചിയിലെ ഏജൻസിയാണ് ജില്ലാഭരണകൂടത്തിന്റെ ആവശ്യപ്രകാരം പരിശോധന നടത്തിയത്.
Discussion about this post