വയനാട്: പ്രളയസാധ്യതയുള്ള സ്ഥലത്ത് പുഴയ്ക്ക് കുറുകെ പാലം നിർമിക്കുക എന്നത് ഏറെ വെല്ലുവിളിയായിരുന്നുവെന്ന് മുണ്ടക്കെയിലെ രക്ഷാദൗത്യത്തിന് ഏറെ നിർണായകമായ ബെയ്‌ലി പാലം നിർമിക്കുന്നതിന് ചുക്കാൻ പിടിച്ച ഇന്ത്യൻ സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥ മേജർ സീത അശോക് ഷെൽക്കെ. ഗതാഗതം താറുമാറായി കിടക്കുന്നത് കൊണ്ട തന്നെ പാലത്തിന്റെ ഭാഗങ്ങൾ എത്തിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടു. പാലം പണിയുന്നതിന് ആവശ്യമായ സ്ഥലം ഇവിടെ ഉണ്ടായിരുന്നില്ല. അതിനോടൊപ്പം തുടർച്ചയായ മഴയും പാലനിർമാണത്തിന് വെല്ലുവിളിയായിരുന്നുവെന്നും മേജർ സീത അശോക് ഷെൽക്കെ പറഞ്ഞു.
‘മൃതദേഹങ്ങളെയും ജീവനുള്ളവരെയുമെല്ലാം കൊണ്ടുപോകാൻ ഈ ഒരു മാർഗം മാത്രമേ ഉണ്ടായിരുന്നു. ഗ്രാമവാസികളോടും പ്രദേശിക അധികൃതരോടും സംസ്ഥാന സർക്കാരിനോടുമെല്ലാം നന്ദി പറയേണ്ടതുണ്ട്. ഇവിടുത്തെ സാധാരണ ജനങ്ങൾ അവരെക്കൊണ്ട് കഴിയുന്ന എല്ലാ രീതിയിലും ഞങ്ങളെ സഹായിച്ചു. ഞാൻ എന്റെ ടീമിന്റെ ഭാഗം മാത്രമായിരുന്നു. ആർ തമ്പി ഉൾപ്പെടെയുള്ള ധീര മദ്രാസ് സാപ്പേഴ്‌സിലെ ഓരോ ജവാന്മാരും ഉൾക്കൊള്ളുന്ന ടീമിലെ ഒരു അംഗം മാത്രമാണ്. ഞങ്ങളുടെ സൈനികർ രാത്രിയും പകലും ഈ പാലം യാഥാർത്ഥ്യമാക്കാൻ പരിശ്രമിക്കുകയായിരുന്നു. അതിനാൽ തന്നെ എനിക്ക് അതിയായ അഭിമാനം തോന്നുന്നു’- മേജർ സീത പറഞ്ഞു.
ഇന്ത്യൻ സൈന്യത്തിന്റെ ഒരു ഭാഗമെന്ന നിലയിൽ ഈ പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ സഹായിക്കുകയെന്നത് തങ്ങളുടെ കടമയാണ്. സൈന്യത്തിൽ സ്ത്രീ എന്നൊന്നില്ല. സൈന്യത്തിൽ സൈനികർ മാത്രമേ ഉള്ളൂ. ഞാൻ ഒരു പട്ടാളക്കാരിയാണ്. തന്റെ കടമയെന്താണോ അതാണ് താൻ ചെയ്യുന്നതെന്നും മേജർ പറഞ്ഞു.
Discussion about this post