എറണാകുളം: വയനാട്ടിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അഭിനന്ദനവാക്കുകൾ ചൊരിഞ്ഞ നടൻ മോഹൻലാലിന് നന്ദി പറഞ്ഞ് ഇന്ത്യൻ സൈന്യം. സമൂഹമാദ്ധ്യത്തിലൂടെയാണ് സൈന്യം അദ്ദേഹത്തിന് നന്ദി അറിയിച്ചത്. അങ്ങയുടെ ഹൃദയംതൊട്ടുള്ള വാക്കുകൾക്ക് നന്ദി എന്നായിരുന്നു സേനയുടെ പ്രതികരണം.
മോഹൻലാലിന്റെ എക്‌സിലെ കുറിപ്പ് റീ പോസ്റ്റ് ചെയ്തുകൊണ്ട് പിആർഒ ഡിഫൻസ് കൊച്ചിയാണ് നന്ദി അറിയിച്ചത്. ‘ നിങ്ങളുടെ ഹൃദയംനിറഞ്ഞ വാക്കുകൾക്ക് നന്ദി’ എന്നായിരുന്നു പിആർഒ ഡിഫൻസ് കൊച്ചി കുറിച്ചത്. ഇതിന് പുറമേ കേരളത്തിലെ പോലീസിനും സന്നദ്ധപ്രവർത്തർക്കും കേരള സർക്കാരിനും ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും പിആർഒ ഡിഫൻസ് കുറിച്ചു.
സൈന്യം നടത്തിയ രക്ഷാ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു മോഹൻലാൽ അഭിനന്ദനം അറിയിച്ചത്. വയനാട്ടിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി മുൻപിൽ നിന്ന മദ്രാസ് റെജിമെന്റിലെ അംഗങ്ങളോട് കടപ്പെട്ടിരിക്കുന്നു. പണ്ടും കേരളം ദുരന്തങ്ങൾ കണ്ടിട്ടുണ്ട്. അതിനെ അതിജീവിച്ചിട്ടുണ്ട്. ഇനിയും അതിജീവിക്കാനായി നമുക്ക് പ്രത്‌നിക്കാം. കഷ്ടസമയത്ത് ഒന്നിച്ച് നിന്ന് നമ്മുടെ ഐക്യം ലോകത്തെ അറിയിക്കാം. ഉരുൾപൊട്ടൽ മേഖലയിൽ രാവും പകലുമില്ലാതെ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന പോലീസിനും സന്നദ്ധ പ്രവർത്തകർക്കും, സർക്കാർ ജീവനക്കാർക്കും, ദുരന്തനിവാരണ സേനാംഗങ്ങൾക്കും, എല്ലാവർക്കും തന്റെ സല്യൂട്ട് എന്നുമായിരുന്നു മോഹൻലാൽ പറഞ്ഞത്.
Discussion about this post