വയനാട്: വയനാട് ഉരുൾപൊട്ടലിൽ രക്ഷാദൗത്യം നടത്തിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് കത്തയച്ച മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ റയാന് നന്ദി പറഞ്ഞ് ആർമി. റയാന്റെ ഹൃദയംഗമമായ വാക്കുകൾ ആഴത്തിൽ സ്പർശിക്കുന്നതാണെന്ന് സൈന്യം കുറിച്ചു. ഇന്ത്യൻ ആർമിയുടെ സതേൺ കമാൻഡ് എക്‌സിലൂടെയാണ് റയാന്റെ കത്ത് പങ്കുവച്ചു കൊണ്ട് എക്‌സിലൂടെ നന്ദിയറിയിച്ചത്.
‘പ്രിയപ്പെട്ട റയാൻ, നിന്റെ ഹൃദയംഗമമായ വാക്കുകൾ ആഴത്തിൽ സ്പർശിക്കുന്നതാണ്. പ്രതികൂല ഘട്ടങ്ങളിൽ പ്രത്യാശയുടെ പ്രകാശ ഗോപുരമാകുകയാണ് ഞങ്ങളുടെ ലക്ഷ്യം. നിങ്ങളുടെ ഈ കത്ത് ഞങ്ങളുടെ ദൗത്യം എന്താണെന്ന് ഒന്നുകൂടി ഉറപ്പിക്കുന്നു. നിങ്ങളെ പോലെയുള്ള ഹീറോകൾ ഞങ്ങൾക്ക് കൂടുതൽ പ്രചോദനമേകുന്നു. ഇന്ത്യൻ ആർമിയുടെ യൂണിഫോം ധരിച്ച് ഞങ്ങൾക്ക് അരികിൽ നീ നിൽക്കുന്നതിനായി ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. നമുക്കൊരുമിച്ച് ഈ രാജ്യത്തിന് അഭിമാനമാകാം. നിന്റെ ധൈര്യത്തിനും പ്രചോദനത്തിനും നന്ദി കുഞ്ഞു യോദ്ധാവേ…’ ആയിരം നന്ദി..’ ഇന്ത്യൻ ആർമി എക്‌സിൽ കുറിച്ചു.
വയനാട്ടിലെ സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ കണ്ട് തനിക്കും പ്രചോദനമായെന്നും വലുതാവുമ്പോൾ താനും ഇന്ത്യൻ ആർമിയിൽ ചേർന്ന് നാടിനെ രക്ഷിക്കുമെന്നുമായിരുന്നു കുഞ്ഞു റയാൻ ഇന്ത്യൻ ആർമിയ്ക്ക് അയച്ച കത്തിൽ പറഞ്ഞത്. ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പെട്ടുപോയ മനുഷ്യരെ നിങ്ങൾ രക്ഷിക്കുന്നത് കണ്ടപ്പോൾ തനിക്ക് ഒരുപാട് സന്തോഷമായെന്നും റയാൻ പറയുന്നുണ്ട്.
Discussion about this post