ഇടുക്കി:മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെയുള്ള അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരിയുടെ അഭ്യര്‍ത്ഥന. ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തില്‍ ഡാമുകളുമായി ബന്ധപ്പെട്ട അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന.
ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു. ഇടുക്കിയില്‍ 2366.90 അടിയാണ് ജലനിരപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 131.75 അടി വെള്ളവും ഉണ്ട്. റൂള്‍ കര്‍വ് പരിധിയിലും താഴെയാണ് രണ്ടു് അണക്കെട്ടുകളിലും ജലനിരപ്പ്.
റൂള്‍കര്‍വ് അനുസരിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇപ്പോള്‍ സംഭരിക്കാന്‍ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ് 137 അടിയാണ്. 5.25 അടി ജലനിരപ്പ് കൂടി ഉയര്‍ന്നാല്‍ മാത്രമേ ഈ അളവിലേക്ക് എത്തു. നിലവില്‍ മഴ മാറി നില്‍ക്കുന്നതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. ഇടുക്കി അണക്കെട്ടില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ ജലനിരപ്പ് 34 അടിയോളം ഉയര്‍ന്നിട്ടുണ്ട്. ഇടുക്കിയില്‍ റൂള്‍ കര്‍വ് പരിധി നിലവില്‍ 2382 അടിയാണ്. ഈ അളവിലേക്ക് ജലനിരപ്പ് ഉയര്‍ന്നാല്‍ മാത്രമേ ഷട്ടറുകള്‍ ഉയര്‍ത്താനുള്ള നടപടി സ്വീകരിക്കൂ.വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്കിലും കാര്യമായ കുറവുണ്ട്. കൂടാതെ മൂലമറ്റം പവര്‍ഹൗസില്‍ പന്ത്രണ്ടര ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദനവും നടക്കുന്നുണ്ട്.
Discussion about this post